ബ്രിട്ടീഷ് തിരഞ്ഞെടുപ്പിൽ മത്സരിച്ച മലയാളി തട്ടിപ്പ് കേസിൽ അറസ്റ്റിൽ

Monday 21 July 2025 1:07 AM IST

കൊച്ചി: ബ്രിട്ടനിലെ കൺസൾട്ടിംഗ് സ്ഥാപനംവഴി പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് 9 പേരിൽ നിന്ന് 22ലക്ഷംരൂപ തട്ടിയെടുത്ത ബ്രിട്ടീഷ് പൗരത്വമുള്ള മലയാളിയെ എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റുചെയ്തു.2017ലെ ബ്രിട്ടീഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട ചങ്ങനാശേരി കുറിച്ചി കല്ലുമാടിക്കൽ വീട്ടിൽ ലാക്സൺ എഫ്.അഗസ്റ്റിനാണ് (45) പിടിയിലായത്.പനമ്പിള്ളിനഗർ ചാക്കേയത്ത് വീട്ടിൽ അശ്വിൻ പത്രോസ് നൽകിയ പരാതിയിൽ 2024ൽ കേസെടുത്തിരുന്നു.ബ്രിട്ടനിൽ തന്റെ ഉടമസ്ഥതയിലുള്ള ‘സിയോൺ കൺസൾട്ടിംഗ് ലിമിറ്റ‌ഡ് യൂറോപ്പ് ആൻ‌ഡ് യു.കെ’സ്ഥാപനം പോളണ്ടിലേക്ക് തൊഴിൽ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.ഇതു വിശ്വസിച്ച അശ്വിൻ സമൂഹമാദ്ധ്യമങ്ങളും സുഹൃത്തുക്കളും വഴി പരസ്യം നൽകി 9 പേരിൽനിന്ന് 22 ലക്ഷംരൂപ വാങ്ങി നൽകി.2023 ജനുവരി ഒന്നു മുതൽ ഡിസംബർ 4 വരെയായിരുന്നു ഇടപാട്.ജോലിയും പണവും കിട്ടാത്തതോടെയാണ് ഇവർ പൊലീസിൽ പരാതിപ്പെട്ടത്.ഏറ്റുമാനൂരിൽ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയറായിരിക്കെയാണ് ലാക്സൺ രാജിവച്ച് ബ്രിട്ടനിലേക്ക് കുടുംബസമേതം കുടിയേറിയത്.2017ലെ തിരഞ്ഞെടുപ്പിൽ വൈതൻഷാവെ-സെയിൽ ഈസ്റ്റിൽ മത്സരിച്ച് ലേബർപാർട്ടിയിലെ മൈക്ക് കെയിനോട് പരാജയപ്പെട്ടിരുന്നു.സിയോൺ മേരി ഇന്റർനാഷണൽ,സി -2 കമ്മ്യൂണിക്കഷേൻസ് സ്ഥാപനങ്ങളുടെ ഡയറക്ടറായിന്നു.ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ പ്രശ്നമായതോടെ കേരളത്തിലേക്ക് മടങ്ങി.ഓവർസീസ് കോൺഗ്രസിൽ ഉൾപ്പെടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.എ.ഐ.സി.സി അംഗമായിരുന്ന ഇയാൾ അടുത്തിടെയാണ്

രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ബി.ജെ.പി അംഗത്വം നേടിയതെന്ന് പറയുന്നു.എറണാകുളം സൗത്ത് സി.ഐ പി.ആർ. സന്താേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. എറണാകുളം ടൗൺ പൊലീസ് സ്റ്റേഷനിലെ സ്ത്രീപീഡനക്കേസിലും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ സാമ്പത്തിക തട്ടിപ്പുകേസിലും പ്രതിയാണ്.