വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച യുവാവ് പിടിയിൽ
Monday 21 July 2025 1:10 AM IST
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിനുള്ളിൽ കയറ്റി ദേഹത്ത് കടന്നുപിടിച്ച് അതിക്രമം കാട്ടുകയും അപമാനിക്കുകയും ചെയ്ത യുവാവിനെ ഇലവുംതിട്ട പൊലീസ് പിടികൂടി. അയിരൂർ നോർത്ത് ചെറുകോൽപ്പുഴ ഇടത്തറമൺ മുണ്ടപ്ളാക്കൽ വീട്ടിൽ എം.പി.അജിത്ത് (31)ആണ് അറസ്റ്റിലായത്. പെൺകുട്ടി സ്‌കൂളിൽ പോകുന്ന വഴി പുതിയത്തു പടിക്കൽ ബസ് സ്റ്റോപ്പിന് സമീപത്ത് ബലമായി കാറിൽ പിടിച്ചുകയറ്റിയശേഷമാണ് അതിക്രമം കാട്ടിയത്. വലതു കൈ മസിൽ ഭാഗത്ത് അമർത്തിപ്പിടിച്ചപ്പോൾ നഖം കൊണ്ട് മുറിവേറ്റു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്ട്രർ ചെയ്ത പൊലീസ് അയിരൂരിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ കുട്ടിയെ കയറ്റിക്കൊണ്ടുപോയ കാർ പിടിച്ചെടുത്തു. ചോദ്യം ചെയ്യലുകൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.