വ്യാജ വെർച്വൽ അറസ്റ്റ്: ലക്ഷങ്ങൾ തട്ടിയ മൂന്ന് പേർ അറസ്റ്റിൽ

Monday 21 July 2025 1:12 AM IST

മതിലകം: വെർച്വൽ അറസ്റ്റിലാക്കി വൃദ്ധനിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ രണ്ട് പേരെ കോഴിക്കോട് നിന്ന് പിടികൂടി. കോഴിക്കോട് ബാലുശ്ശേരി കുന്നോത്ത് വീട്ടിൽ അർജുൻ (24), ചെമ്പകത്ത് വീട്ടിൽ ഷിദിൻ (23) എന്നിവരെയാണ് ബാലുശ്ശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മതിലകം കൂളിമുട്ടം സ്വദേശിയാണ് തട്ടിപ്പിനിരയായത്.

വാട്‌സാപ്പ് വീഡീയോ കോളിൽ വിളിച്ച് മുംബയ് സലാർ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും നിങ്ങൾ ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനെട്ടേകാൽ ലക്ഷത്തോളം രൂപ തട്ടിയെന്നാണ് കേസ്. 2024 ഡിസംബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികൾ രാവിലെയാണ് വാട്‌സ് സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ടത്. മുംബയ് സഹാർ പൊലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങൾക്കെതിരെ മണി ലോണ്ടറിംഗിന് ക്രിമിനൽ കേസുണ്ടെന്നും ഭാര്യയോടൊപ്പം മുംബയ് കോടതിയിൽ എത്തണമെന്നും ഇല്ലെങ്കിൽ വീട്ടിൽ വന്ന് അറസ്റ്റ് ചെയ്യുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി.

മുംബയിലേക്ക് വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ വീഡിയോ കോളിൽ തുടരാൻ ആവശ്യപ്പെട്ടു. നിങ്ങൾ വെർച്വൽ അറസ്റ്റിലാണെന്നും എല്ലാ ബാങ്ക് അക്കൗണ്ടും ഫ്രീസ് ചെയ്ത് ജഡ്ജിന്റെ അക്കൗണ്ടിലേക്ക് അയച്ചാൽ നിങ്ങളുടെ അറസ്റ്റ് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തി. ഇതോടെ പരിഭ്രാന്തരായ വൃദ്ധൻ പിറ്റേദിവസം തന്റെയും ഭാര്യയുടെയും ജോയിന്റ് അക്കൗണ്ടിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ടിരുന്ന 10,18,602 രൂപയും, ബാങ്കിൽ പേഴ്‌സണൽ അക്കൗണ്ടിൽ ഉണ്ടായിരുന്ന 225334 രൂപയും പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചു. കൂടാതെ ഭാര്യയുടെ 100 ഗ്രാം സ്വർണം ബാങ്കിൽ പണയം വെച്ച് 5,72,000 രൂപയും പ്രതികൾ അവരുടെ അക്കൗണ്ടിലേക്ക് വാങ്ങി. ആകെ 18,15,936 രൂപയാണ് തട്ടിയെടുത്തത്.

വാട്‌സാപ്പിൽ ബന്ധപ്പെട്ടവർ ആദ്യം ഹിന്ദിയിലും പിന്നീട് മലയാളത്തിലുമാണ് സംസാരിച്ചതെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ എസ്.പി: ബി. കൃഷ്ണകുമാറി ന്റെ നേതൃത്വത്തിൽ മതിലകം ഇൻസ്‌പെക്ടർ എം.കെ. ഷാജി., എസ്.ഐ: അശ്വിൻ, എ.എസ്.ഐ: വഹാബ്, സി.പി.ഒ: ഷനിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.