യുക്രെയിൻ സംഘർഷം: പുട്ടിൻ ചർച്ചയ്‌ക്ക് തയ്യാർ, ലക്ഷ്യങ്ങളിൽ വിട്ടുവീഴ്‌ചയില്ല

Monday 21 July 2025 7:04 AM IST

മോസ്കോ: യുക്രെയിനുമായി സമാധാന ചർച്ചകൾക്ക് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തയ്യാറാണെന്നും എന്നാൽ,​ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്നും റഷ്യ. 50 ദിവസത്തിനുള്ളിൽ യുക്രെയിനിലെ വെടിനിറുത്തലിനുള്ള കരാറിൽ ധാരണയായില്ലെങ്കിൽ റഷ്യക്കെതിരെ കഠിനമായ തീരുവകൾ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച ഭീഷണി മുഴക്കിയിരുന്നു.

അതേ സമയം,​ റഷ്യയ്ക്ക് നേരെയുണ്ടായ യുക്രെയിൻ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനമായ മോസ്കോയിൽ വ്യോമഗതാഗതം സ്തംഭിച്ചു. മോസ്കോയിലെ പ്രധാന വിമാനത്താവളങ്ങൾ ഇന്നലെ താത്കാലികമായി അടച്ചെങ്കിലും പിന്നീട് തുറന്നു. 140 ഫ്ലൈറ്റുകൾ റദ്ദാക്കി. ശനിയാഴ്ച രാവിലെ മുതൽ രാജ്യത്തെ ലക്ഷ്യമാക്കിയ 230ലേറെ യുക്രെയിൻ ഡ്രോണുകളെ തകർത്തെന്ന് റഷ്യ പറഞ്ഞു. അതിനിടെ, ഇന്നലെ പുലർച്ചെ യുക്രെയിനിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു.

ട്രംപിന്റെ മുന്നറിയിപ്പുകളെ വകവയ്ക്കാതെ റഷ്യ യുക്രെയിന് നേരെ വ്യോമാക്രമണം കടുപ്പിക്കുന്ന സാഹചര്യത്തിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി വീണ്ടും സമാധാന ചർച്ചകൾക്ക് താത്പര്യം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ഇസ്താംബുളിൽ റഷ്യൻ, യുക്രെയിൻ പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയെങ്കിലും കാര്യമായ വഴിത്തിരിവ് സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. യുദ്ധത്തടവുകാരെ കൈമാറാൻ ധാരണയിലെത്തിയെങ്കിലും വെടിനിറുത്തലിൽ തീരുമാനത്തിലെത്തിയില്ല. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ കടുപ്പിച്ച് റഷ്യയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കണമെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു.