ആലുവയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ, പ്രതി മൃതദേഹത്തിന്റെ ദൃശ്യം വീഡിയോ കോളിൽ കാണിച്ചുകൊടുത്തു

Monday 21 July 2025 7:06 AM IST

ആലുവ: നഗരത്തിലെ ലോഡ്‌ജിൽ യുവതിയെ ആൺ സുഹൃത്ത് ഷാൾ മുറുക്കി കൊലപ്പെടുത്തി. ആലുവ നഗരത്തിലെ തോട്ടുങ്കൽ ലോഡ്‌ജിൽ അർദ്ധരാത്രിയോടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് (35) കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് നേര്യമംഗലം സ്വദേശി ബിനുവിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊലയ്‌ക്ക് ശേഷം ബിനു, അഖിലയുടെ മൃതദേഹം തന്റെ സുഹ‌ൃത്തുക്കൾക്ക് വീ‌ഡിയോ കോൾ വഴി കാണിച്ചുകൊടുത്തു. ഇവർ ഇരുവരും ഇടയ്‌ക്കിടെ ലോഡ്‌ജിൽ വന്ന് താമസിക്കാറുണ്ടെന്നാണ് ലോഡ്‌ജ് ജീവനക്കാർ നൽകുന്ന വിവരം. കഴിഞ്ഞദിവസം ആദ്യമെത്തിയത് യുവാവാണ്. പിന്നീട് യുവതിയും എത്തി.

തന്നെ വിവാഹം ചെയ്യണമെന്ന് അഖില, ബിനുവിനോട് ആവശ്യപ്പെടുകയും തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ചെയ്‌തു. ബിനു ആവശ്യത്തിനോട് വഴങ്ങാത്തതാണ് പ്രശ്‌നകാരണം.വഴക്കിനൊടുവിൽ അഖിലയെ ഷാൾ കഴുത്തിൽ മുറുക്കി ബിനു കൊലപ്പെടുത്തുകയായിരുന്നു. വിവരം സുഹൃത്തുക്കളെ അറിയിച്ചതിന് പിന്നാലെ ഇവരാണ് ആലുവ പൊലീസിന് വിവരം കൈമാറിയത്. തുടർന്ന് ബിനുവിനെ പിടികൂടുകയായിരുന്നു.