റഷ്യൻ തീരത്ത് ഭൂചലനങ്ങൾ

Monday 21 July 2025 7:14 AM IST

മോസ്കോ: റഷ്യയിലെ വിദൂര കിഴക്കൻ മേഖലയിലെ കാംച‌റ്റ്‌ക ഉപദ്വീപിന് കിഴക്ക് കടലിൽ ശക്തമായ അഞ്ച് ഭൂചലനങ്ങളുണ്ടായത് ആശങ്കപരത്തി. റിക്ടർ സ്കെയിലിൽ 6.6, 6.7 തീവ്രതകളിലെ രണ്ട് ഭൂചലനങ്ങളാണ് ആദ്യമുണ്ടായത്. തൊട്ടുപിന്നാലെ ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 12.19ന് കടലിൽ 10 കിലോമീറ്റർ ആഴത്തിൽ 7.4 തീവ്രതയിലെ ശക്തമായ ഭൂകമ്പമുണ്ടായി. ഇതോടെ കാംച‌റ്റ്‌കയടക്കം ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ പരിധിക്കുള്ളിലെ പസഫിക് തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും വൈകാതെ പിൻവലിച്ചു. യു.എസിലെ ഹവായ് സംസ്ഥാനത്തും സുനാമി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചെങ്കിലും നീക്കി. 6.7, 7.0 തീവ്രതകളിലെ രണ്ട് ചലനങ്ങൾ കൂടി മേഖലയിൽ രേഖപ്പെടുത്തിയിരുന്നു. ഭൂചലനങ്ങൾ മൂലം റഷ്യയിൽ ആളപായമോ നാശനഷ്ടമോ ഇല്ല. മോസ്കോയിൽ നിന്ന് 6,800 കിലോമീറ്റർ അകലെയുള്ള കാംച‌റ്റ്‌ക ഉപദ്വീപ് ഭൂകമ്പ സാദ്ധ്യത കൂടിയ പ്രദേശമാണ്. ഇവിടുത്തെ 19 സജീവ അഗ്നിപർവതങ്ങൾ യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽപ്പെടുന്നു.