ഇൻഡോനേഷ്യയിൽ ബോട്ടിന് തീപിടിച്ചു: 5 മരണം

Monday 21 July 2025 7:19 AM IST

ജക്കാർത്ത: ഇൻഡോനേഷ്യയിലെ നോർത്ത് സുലവേസി പ്രവിശ്യയിലെ തലീസേ ദ്വീപിൽ യാത്രാ ബോട്ടിന് തീപിടിച്ചു. ഗർഭിണി അടക്കം 5 പേർ മരിച്ചു. 284 പേരെ രക്ഷിച്ചു. ബോട്ടിൽ 300ഓളം പേർ ഉണ്ടായിരുന്നെന്നാണ് വിവരം. കൃത്യമായ കണക്ക് ലഭ്യമല്ല. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30ന് പ്രവിശ്യയുടെ തലസ്ഥാനമായ മനാഡോയിലേക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു അപകടം.

കെ.എം ബാഴ്സലോണ 5 എന്ന ബോട്ടാണ് കത്തിയത്. തീപടർന്നതോടെ യാത്രക്കാരിൽ ഭൂരിഭാഗം പേരും കടലിലേക്ക് എടുത്തുചാടി. ഇവർ ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നു. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇൻഡോനേഷ്യൻ നേവിയുടെ നേതൃത്വത്തിൽ ബോട്ടിലെ തീ നിയന്ത്രണവിധേയമാക്കി. ഇലക്ട്രിക് തകരാർ, ഇന്ധന ചോർച്ച, എൻജിൻ പ്രശ്നം തുടങ്ങിയ സാദ്ധ്യതകൾ പരിശോധിക്കുന്നുണ്ട്.