ജീവന്റെ തിരിനാളം അണഞ്ഞ സൗദി രാജകുമാരൻ ഇനി ഓർമ്മയിൽ
റിയാദ്: ജീവന്റെ തുടിപ്പുമാത്രം നിലനിറുത്തി നിശ്ചലമായ ശരീരവുമായി 20 വർഷം അബോധാവസ്ഥയിൽ തുടർന്ന സൗദി രാജകുമാരൻ അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അൽ സൗദ് ലോകമനസാക്ഷിക്കു മുന്നിൽ പിതൃവാൽസല്യത്തിന്റെ മായാത്ത ഓർമ്മയായി. ഇന്നലെ റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുള്ള പള്ളിയിലായിരുന്നു വലീദിന്റെ സംസ്കാരച്ചടങ്ങുകൾ.
സൗദിയുടെ സ്ഥാപകനായ അബ്ദുൾ അസീസ് രാജാവിന്റെ ചെറുമകനായ പ്രിൻസ് ഖാലിദ് ബിൻ തലാൽ അൽ സൗദിന്റെ മകനായിരുന്നു വലീദ്.
ലണ്ടനിലെ മിലിട്ടറി അക്കാഡമിയിൽ വിദ്യാർത്ഥിയായിരുന്ന വലീദിനെ 2005ൽ 15 വയസുള്ളപ്പോൾ സംഭവിച്ച കാർ അപകടമാണ് ഇത്രയുംകാലം കോമയിലാക്കിയത്. തലച്ചോറിന് മാരക പരിക്കേറ്റു. രക്തസ്രാവമുണ്ടായി. രക്ഷപെടില്ലെന്നും രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ പിടിച്ചുനിറുത്തിയിട്ട് കാര്യമില്ലെന്നും ഡോക്ടർമാർ തറപ്പിച്ചു പറഞ്ഞിട്ടും കോമയിലായ മകനെ കൈവിടാൻ പിതാവ് ഖാലിദ് തയ്യാറായില്ല.
മകനിൽ ദൈവം ജീവന്റെ തുടിപ്പ് ശേഷിപ്പിച്ചതിന് പിന്നിൽ പ്രതീക്ഷയുടെ കിരണമുണ്ടെന്ന് വിശ്വസിച്ച ഖാലിദ്, മകനെ റിയാദിലെ കിംഗ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റിയിൽ എത്തിച്ചു. വെന്റിലേറ്ററിന്റെയും ഫീഡിംഗ് ട്യൂബിന്റെയും സഹായത്തോടെ ജീവൻ നിലനിറുത്തി. മകന്റെ തിരിച്ചുവരവും കാത്ത് ഖാലിദ് കഴിഞ്ഞത് നീണ്ട 20 വർഷമാണ്. മകന്റെ കൺപോള അനങ്ങിയത് പോലും പിതാവിന്റെ മനസിൽ പ്രതീക്ഷ നിറച്ചു.
നിശബ്ദതയിൽ ഉറങ്ങുന്ന വലീദിനൊപ്പമുള്ള ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചു. ലോകം വലീദിനെ 'സ്ലീപിംഗ് പ്രിൻസ് " എന്ന് വിളിച്ചു. വലീദിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 18ന് മറ്റ് മക്കൾക്കൊപ്പം എത്തി പ്രാർത്ഥനകളിൽ മുഴുകി. 2019ൽ വിരലുകളും തലയും ചെറുതായി അനക്കിയെന്നത് ഒഴിച്ചാൽ കാര്യമായ ഒരു പുരോഗതിയും ഉണ്ടായില്ല. ജീവൻരക്ഷാ സഹായം അവസാനിപ്പിക്കണമെന്ന് 2015ൽ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും ഖാലിദ് എതിർത്തു. 20 മണിക്കൂർ പോലും ജീവിക്കില്ലെന്ന് കരുതിയ വലീദിനെ 20 വർഷം ചേർത്തുപിടിച്ചു. ശനിയാഴ്ചയായിരുന്നു വലീദിന്റെ അന്ത്യം.
മെഡിക്കൽ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ കോമ കേസുകളിൽ ഒന്നായിരുന്നു വലീദിന്റേത്. ഇന്നും നാളെയും വലീദിനായി പ്രാർത്ഥനകൾ തുടരും.