11കാരനെ പിറ്റ്ബുള്ളിനെ വിട്ട് കടിപ്പിച്ചു, ആക്രമണം ഉണ്ടായത് ഓട്ടോറിക്ഷയ്ക്കകത്ത് കളിച്ചുകൊണ്ടിരിക്കെ; വീഡിയോ

Monday 21 July 2025 10:30 AM IST

മുംബയ്: നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്കുള്ളിൽ കളിച്ചുകൊണ്ടിരുന്ന 11കാരനെ പിറ്റ്ബുള്ളിനെ വിട്ട് കടിപ്പിച്ച് പരിക്കേൽപ്പിച്ചു. മുംബയിലെ മൻഖുർദിലാണ് സംഭവം. മുഹമ്മദ് സൊഹൈൽ ഹസൻ (43) എന്നയാളുടെ നായയാണ് ഹംസ എന്ന കുട്ടിയെ കടിപ്പിച്ചു പരിക്കേൽപ്പിച്ചത്. താടിക്ക് സാരമായി പരിക്കേറ്റ ഹംസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജൂലായ് 17ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സൊഹൈൽ മനഃപൂർവ്വം കുട്ടിയുടെ നേർക്ക് നായയെ അഴിച്ചുവിടുന്നതും ആക്രമിക്കുമ്പോൾ തടയാൻ ശ്രമിക്കാതെ ചിരിച്ചുകൊണ്ട് നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. ഭയന്ന് നിലവിളിക്കുമ്പോൾ നായ കുട്ടിയുടെ താടിയിൽ കടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഉടമയായ സൊഹൈലിനോട് കുട്ടി സഹായത്തിനായി അപേക്ഷിച്ചെങ്കിലും ഇയാൾ ചിരി തുടരുകയായിരുന്നു. സ്ഥിതി പന്തിയല്ലെന്ന് മനസിലാക്കിയ കുട്ടി ഓട്ടോറിക്ഷയിൽ നിന്ന് കഷ്ടിച്ചാണ് ഓടി രക്ഷപ്പെട്ടത്.

കുട്ടിയുടെ പിതാവിന്റെ പരാതിയിൽ നായയുടെ ഉടമയെ പൊലീസ് അറസ്റ്റു ചെയ്ത് നോട്ടീസ് നൽകി വിട്ടയച്ചു. പിറ്റ്ബുൾ നായ്ക്കൾ ആക്രമണകാരികളാവുന്നത് ഇത് ആദ്യ സംഭവമല്ല. നേരത്തേയും ഇവയുടെ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അപകടകാരികളായ നായ ഇനത്തിൽ ഒന്നാണ് പിറ്റ്ബുൾ എന്നാണ് കണക്കാക്കുന്നത്.