ജാമ്യത്തിലിറങ്ങിയ ലഹരിക്കേസ് പ്രതിക്ക് ഗംഭീര സ്വീകരണം, പടക്കം പൊട്ടിച്ചും പാട്ടുവച്ചും ആഘോഷം; 45 പേർ അറസ്റ്റിൽ
മുംബയ്: ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ലഹരിക്കേസ് പ്രതിക്ക് ഊഷ്മള സ്വീകരണം. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം അറസ്റ്റിലായ കമ്രാൻ മുഹമ്മദ് ഖാനാണ് ഗംഭീര വരവേൽപ് ലഭിച്ചത്. ജൂലായ് പതിനാറിന് മുംബയിലായിരുന്നു സംഭവം.
കമ്രാൻ മുഹമ്മദിനെ പടക്കം പൊട്ടിച്ചും, ഉച്ചഭാഷിണിയിൽ പാട്ട് വച്ചും, മുദ്രാവാക്യങ്ങൾ വിളിച്ചുമൊക്കെയാണ് ചിലർ സ്വീകരിച്ചത്. പൊതുജനങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ വരവേൽപ്പൊരുക്കിയ നാൽപ്പത്തിയഞ്ചു പേർ പൊലീസിന്റെ പിടിയിലായി.
കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് കമ്രാൻ മുഹമ്മദ് ഖാൻ താനെ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായത്. ഇയാളുടെ കൂട്ടാളികളെല്ലാം ജയിലിന് പുറത്ത് ഒത്തുകൂടി. കുറേ കാറുകളും ഇങ്ങോട്ടെത്തിച്ചിരുന്നു. കാറുകൾ നിരനിരയായി മീരാ റോഡിലെ നയനഗറിലേക്ക് പോയി. അവിടെ ഒരു ഹോട്ടലിന് സമീപം എല്ലാവരും ഒത്തുകൂടി പടക്കം പൊട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഉച്ചത്തിൽ പാട്ടുവച്ചതോടെ സമീപവാസികൾക്ക് അസ്വസ്ഥതയുണ്ടായി.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സുഹൃത്തുക്കൾ പടക്കം പൊട്ടിക്കുമ്പോൾ പ്രതി പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങൾ വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇത് പൊലീസുകാരുടെ ശ്രദ്ധയിലുംപെട്ടു. ഇതോടെയാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയത്. ശനിയാഴ്‌ചയാണ് 45 പേർക്കെതിരെ കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.