'ആ നടൻ ചെയ്യുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി; മലയാളത്തിലെ ആക്ഷൻ ഹീറോ ആകുമെന്ന് കരുതി, പക്ഷേ'
നിരവധി താരങ്ങളെ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് വിനയൻ. ഇപ്പോഴിതാ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ശേഷം നടൻ സിജു വിൽസൺ മലയാളത്തിന്റെ ആക്ഷൻ ഹീറോയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിനയൻ.
'ഞാൻ ഒത്തിരി പുതിയ ആൾക്കാരെ കൊണ്ടുവന്നിട്ടുണ്ട്. എനിക്ക് തോന്നുന്നു, പത്തൊമ്പതാം നൂറ്റാണ്ടിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രത്തെക്കുറിച്ച് പറയുമ്പോൾ സിജു പോലും ബോധം കെട്ടിട്ടുണ്ടെന്ന്. ഷർട്ട് ഊരി എന്നെയൊന്ന് കാണിക്കാൻ പറഞ്ഞു. സ്ലിം ആയ ബോഡിയായിരുന്നു. ആറ് മാസത്തിനകം വേലായുധപ്പണിക്കറാക്കുമെന്ന്. മൂന്ന് മാസത്തിനകം ട്രാൻസ്ഫർമേഷൻ, ആ കഥാപാത്രമായി സിജു മാറി.
നിങ്ങൾ കണ്ടുകാണും കുതിരപ്പുറത്ത് യാതൊരു സപ്പോർട്ടുമില്ലാതെ ഓടിക്കയറുന്നത്. ഞങ്ങളെയൊക്കെ ഞെട്ടിച്ചുകളഞ്ഞു. സൂപ്പർസ്റ്റാറുകൾ മാത്രമാണ് മുമ്പ് ചരിത്ര കഥാപാത്രങ്ങൾ ചെയ്തത്. അങ്ങനെയുള്ളപ്പോഴാണ് ഒരു ചെറുപ്പക്കാരൻ കൈയടി വാങ്ങിച്ചത്. ആ പടം കഴിഞ്ഞ് സിജുവിനെ നമുക്കൊന്നും കിട്ടില്ല, കൈയിൽ നിന്ന് പോകുമെന്ന് ഞാൻ കരുതി. ഭയങ്കര ആക്ഷൻ ഹീറോയായി മലയാളത്തിൽ മാറുമെന്ന് കരുതി. എന്തുകൊണ്ടോ അതുണ്ടായില്ല. അഭിനയിക്കാനും ട്രാൻസ്ഫർമേഷൻ നടത്താനും മാത്രമല്ല സിനിമയിൽ സെൽഫ് മാർക്കറ്റിംഗും ചില തന്ത്രങ്ങളും വേണം. സിജു അതുപോലൊരു വലിയ സംഭവം ചെയ്തിട്ടും അതനുസരിച്ചുള്ള വാക്കുകളോ ന്യൂസുകളോ ഒന്നും വന്നില്ല. എനിക്കതിൽ വിഷമമുണ്ട്. അതുകൊണ്ട് ഞാൻ തന്നെ വേണം അതിലും വലിയൊരു പടവുമായി വരാൻ എന്ന തോന്നുന്നു. വന്നിരിക്കും. അതിനുള്ള പ്ലാനുണ്ട്.'- അദ്ദേഹം പറഞ്ഞു.