തെളിവില്ല, 189 പേരുടെ ജീവനെടുത്ത മുംബയ് ട്രെയിൻ സ്‌ഫോടന പരമ്പരയിലെ 12 പ്രതികളെയും വെറുതെവിട്ടു
മുംബയ്: 2006ലെ മുംബയ് ട്രെയിൻ സ്‌ഫോടനക്കേസിൽ പ്രതികളായ 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു. പ്രതികൾക്കെതിരായി കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രോസിക്യൂഷൻ തെളിവുകൾ പര്യാപ്‌തമല്ലെന്ന് ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി പ്രത്യേക ബെഞ്ച് വ്യക്തമാക്കി. 2015ൽ വിചാരണക്കോടതി പ്രതികളിൽ അഞ്ചുപേർക്ക് വധശിക്ഷയും ബാക്കിയുള്ളവർക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു. സ്‌ഫോടനത്തിൽ 189 പേരാണ് കൊല്ലപ്പെട്ടത്. 800ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതികൾക്കെതിരായി കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടു. പ്രതികൾ കുറ്റം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതിനാൽത്തന്നെ അവരുടെ ശിക്ഷ റദ്ദാക്കി കേസ് മാറ്റിവയ്ക്കുന്നു. പ്രതികൾക്കെതിരെ മറ്റ് കേസുകളില്ലെങ്കിൽ അവരെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
2006 ജൂലായ് 11നാണ് നാടിനെ നടുക്കിയ സ്‌ഫോടന പരമ്പരയുണ്ടായത്. 11 മിനിട്ടിനിടെ വിവിധ മുംബയ് ലോക്കൽ ട്രെയിനുകളിലായി ഏഴ് ബോംബുകളാണ് പൊട്ടിയത്. സ്‌ഫോടനത്തിന്റെ ആക്കം കൂട്ടുന്നതിനായി പ്രഷർ കുക്കറുകളും ഉപയോഗിച്ചിരുന്നു. സംഭവദിവസം വൈകിട്ട് 6.24നാണ് ആദ്യത്തെ പൊട്ടിത്തെറിയുണ്ടായത്, അവസാനത്തേത് 6.35നും. ചർച്ച്‌ഗേറ്റിൽ നിന്നുള്ള ട്രെയിനുകളിലെ ഫസ്റ്റ് ക്ളാസ് കമ്പാർട്ടുമെന്റുകളിലാണ് ബോംബുകൾ സ്ഥാപിച്ചിരുന്നത്. മതുംഗ റോഡ്, മാഹിം ജംഗ്ഷൻ, ബാന്ദ്ര, ഖാർ റോഡ്, ജോഗേശ്വരി, ബയന്താർ, ബോരിവാലി എന്നീ സ്റ്റേഷനുകൾക്ക് സമീപത്തായാണ് സ്‌ഫോടനമുണ്ടായത്.