ജയ് ജാക്ക് ജവാൻ!

Tuesday 22 July 2025 3:55 AM IST

ചക്കച്ചുളയിൽ വെറുമൊരു കുരു മാത്രമേയുള്ളൂവെന്ന ധാരണ മാറിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഡ്രൈഡേ ആയ ഒന്നാം തീയതികളിലെ വിരസതയകറ്റാനുള്ള വലിയൊരു സംഗതി ചക്കയിൽ ഉണ്ടെന്നത് ഇക്കാലമത്രയും അറിയാതെ പോയതിൽ സാംസ്‌കാരിക കേരളത്തിന്റെ കണ്ണ് നിറയുന്നു. വീട്ടുമുറ്റത്തെ പ്ലാവിന് ലാൽസലാം പറഞ്ഞ് ഓരോ ദിവസവും തുടങ്ങേണ്ടതായിരുന്നു. രാവിലെ വെറുംവയറ്റിൽ ഏതാനും ചുളകൾ കഴിച്ചാൽ ഓരോ ഏമ്പക്കവും ഐസ് ക്യൂബുകളുടെ അകമ്പടിയോടെ സോഡയിൽ പതഞ്ഞുപൊങ്ങുന്നതായി അനുഭവപ്പെടുമെന്നാണ് ലേറ്റസ്റ്റ് കണ്ടെത്തൽ. ചക്കപ്പഴത്തിൽ ആൽക്കഹോളിന്റെ അംശം വേണ്ടുവോളമുണ്ടെന്ന വീര്യമുള്ള സത്യം കണ്ടുപിടിക്കാൻ പാവം കെ.എസ്.ആർ.ടി.സി വേണ്ടിവന്നു. ഫ്‌ളാറ്റായി ഇഴഞ്ഞുനീങ്ങുന്ന കെ.എസ്.ആർ.ടി.സിയുടെ പുതിയ കണ്ടെത്തൽ കേരളത്തെ ടോപ് ഗിയറിൽ വികസനത്തിലേക്കു നയിക്കുമെന്ന് ഉറപ്പാണ്. ജോലിക്കു കയറുംമുമ്പ് ചക്കപ്പഴം കഴിച്ച കെ.എസ്.ആർ.ടി.സി പന്തളം ഡിപ്പോയിലെ മൂന്നു ജീവനക്കാർ ബ്രത്തനലൈസർ പരിശോധനയിൽ കുടുങ്ങിയതോടെ ചക്കപ്പഴത്തിന്റെ 'ശുക്രൻ" ഉച്ചത്തിലായി. തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും സഹപ്രവർത്തകർ കൊണ്ടുവന്ന ചക്കപ്പഴം കഴിച്ചിട്ടാണ് പരിശോധനയ്ക്കു വിധേയരായതെന്നും ജീവനക്കാർ ആണയിട്ടു പറഞ്ഞതോടെ, സ്റ്റേഷൻ മാസ്റ്ററും ടെസ്റ്റ് ഡോസായി ചക്കപ്പഴം കഴിക്കുകയായിരുന്നു. ലേശം കഴിഞ്ഞ് മൂപ്പര് ആഞ്ഞൊന്ന് ഊതിയതും ബ്രത്ത് അനലൈസറിൽ ഒരു നിലവിളി ശബ്ദത്തോടെ റീഡിംഗ് കുതിച്ചുയർന്നു. നിലവാരം കുറഞ്ഞ മെഷീൻ നാണംകെടുത്തിയെന്നു പറഞ്ഞ് ജീവനക്കാർ കൂട്ടത്തോടെ പ്രതിഷേധിച്ചെങ്കിലും മന്ത്രിയടക്കമുള്ളവർ സന്തോഷംകൊണ്ട് തുള്ളിച്ചാടിയെന്നാണ് റിപ്പോർട്ട്. ആ മൂന്നു ജീവനക്കാർക്കും ഉടൻ ഡബിൾ പ്രമോഷൻ ലഭിച്ചേക്കും. 'എങ്കിലും എന്റെ പ്ലാവേ... അറിഞ്ഞില്ല, ആരും പറഞ്ഞില്ല..." എന്ന് ഗദ്ഗദത്തോടെ സർക്കാർ എങ്ങനെ പറയാതിരിക്കും!.

അശുവായി കശുമാങ്ങ

ചക്കയെ ഇനി പിടിച്ചാൽ കിട്ടില്ല. വീര്യത്തിൽ വമ്പനായിരുന്ന കശുമാങ്ങ രണ്ടാം സ്ഥാനത്താകുമോയെന്ന ആശങ്കയിലാണ് ഗോവക്കാർ. ഗോവൻ ഫെനിയെ കടത്തിവെട്ടി 'ജാക്ക് ജവാൻ" രംഗപ്രവേശം ചെയ്‌തേക്കാം. ജാക്ക് ഫ്രൂട്ട് എന്ന ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ പോലും മലയാളികൾക്ക് ഇത്രയും അഭിമാനമുണ്ടായിരുന്നില്ല. ഒരു കുടം വെള്ളം പോലും നൽകിയില്ലെങ്കിലും അടുക്കളയെ സമൃദ്ധമാക്കിയിരുന്ന പ്ലാവിനോട് ഒരുകാലത്തും മലയാളികൾ നീതി പുലർത്തിയിട്ടില്ല. റംബൂട്ടാൻ മുതലുള്ള വരത്തൻമാർക്കു മുന്നിൽ ഘടാഘടിയന്മാരായ ചക്കകളുടെ തലപ്പൊക്കമുള്ള പ്ലാവുകൾ അവഗണിക്കപ്പെടുന്നു. അതിന് പ്ലാവുകൾ നിശബ്ദമായി നൽകിയ മറുപടിയിൽ വീര്യവും മധുരവും ഒപ്പത്തിനൊപ്പം. ഇടിച്ചക്ക മുതൽ ചക്കപ്പഴം വരെയുള്ള രൂപാന്തരങ്ങൾ അടുക്കളയിൽ അന്നും ഇന്നും രാജാക്കന്മാരാണ്. മറുനാടുകളിൽ എത്തിയപ്പോഴാണ് ചക്കയൊരു സംഭവമാണെന്ന് മലയാളികൾക്കു മനസിലായത്. പല നാടുകളിലും ചക്കവിളയുമെങ്കിലും മലയാളക്കരയിലെ രുചിയില്ല. ഒരുകാലത്ത് നാട്ടിൽ വെട്ടിക്കൂട്ടി പശുവിനു കൊടുത്തിരുന്ന ചക്ക ഗൾഫ് നാടുകളിൽ പണ്ടേ സൂപ്പർ സ്റ്റാറാണ്. ഇനി കേരളത്തിൽ മെഗാസ്റ്റാർ ആകുമെന്നുറപ്പായി. 'വൈകിട്ടെന്താ പരിപാടി" എന്നു ചോദിച്ചാൽ, 'ചക്കപ്പഴമായാലോ" എന്നു മറുപടി നൽകുന്ന കാലം വരവായി.

വ്യത്യസ്തനാമൊരു ചക്കയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ലെന്നതാണ് വാസ്തവം. മലയാളികൾ പണ്ടേ അങ്ങനെയാണ്. മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്നു കരുതുന്നവർ. ചക്കയുടെ ആരാധകരാണ് ഫിലിപ്പീൻസ് സ്വദേശികൾ. ചക്കയെന്നു കേട്ടാൽ ചക്കവെട്ടിയിട്ടതുപോലെ വീണുകളയും. വേവിച്ച ചക്കമടലും ചകിണി (ചവിണി)യും കുരുവുമെല്ലാം പലതരം സോസുകളിൽ മുങ്ങിനിവർന്ന് പിടികിട്ടാത്ത തലങ്ങളിലേക്ക് ഉയരും. അവരുടെ കേക്കിലും ഐസ്‌ക്രീമിലും പുഡ്ഡിങ്ങിലുമെല്ലാം ചക്കപ്പഴം അവതരിക്കും. ഈ തലത്തിലേക്ക് മലയാളി ഇനി എന്നാണുയരുക. മാർക്കറ്റിൽ ഇടിച്ചക്ക എത്തിയാൽ മൊത്തമായി വാങ്ങാൻ അവർ മത്സരിക്കും.

എത്രയെത്ര അവതാരങ്ങൾ

നാട്ടിൽ ഇടിച്ചക്ക തോരനിൽ തുടങ്ങുന്നു ചക്കസീസണിലെ രുചിമേളം. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇത് ഇഷ്ടപ്പെടാത്തവരില്ല. ചക്ക മൂക്കും തോറും വിഭവ വൈവിദ്ധ്യങ്ങളും കൂടിവരുന്നു. ചക്കപ്പുഴുക്ക്, ചക്കക്കുരുവും മാങ്ങയും ചെമ്മീനും ചേർത്തുള്ള കറി, ചക്ക അവിയൽ, ചക്ക എരിശേരി, ചക്ക മുളോഷ്യം, ചക്കവരട്ടിയത്, ചക്ക അട, ചക്കപ്പായസം, ചക്കച്ചുള ഉപ്പേരി എന്നീ പരമ്പരാഗത താരങ്ങളെ പിന്തള്ളി ചക്കക്കുരു ചമ്മന്തി, ചക്കക്കുരു അച്ചാർ, ചക്ക ഹൽവ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക കൊണ്ടാട്ടം, ചക്ക സ്‌ക്വാഷ്, ചക്ക ജാം, ചക്ക ബജി ,ചക്ക ബിരിയാണി എന്നിവയും വ്യാപകമായി. ചക്കക്കുരുവിന്റെ പുറത്തെ പാടയിൽ പച്ചമുളകും ചുവന്നുള്ളിയും അൽപം വെളുത്തുള്ളിയും ചേർത്തു മെഴുക്കുപുരട്ടിയാക്കിയവർ, ചക്കക്കുട്ടനെ തിരിച്ചറിയാൻ വൈകിയതിൽ പൊട്ടിക്കരയുന്നു.

വൈദ്യനാണ് ഈ 'ഫീകരൻ" പലരോഗങ്ങളെയും പടിയിറക്കാൻ ഉത്തമമാണെന്ന തിരിച്ചറിവും ചക്കയോടുള്ള അയിത്തം മാറ്റി. ഒരു വളമോ കീടനാശിനിയോ പ്രയോഗിക്കാത്ത ഫലമാണിതെന്ന് ഏറെക്കുറെ ഉറപ്പിക്കാം. പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, ക്യാൻസർ തുടങ്ങിയവ തടയാൻ ചക്ക ഉത്തമമാണെന്നാണ് കണ്ടെത്തൽ. ദഹനപ്രക്രിയ എളുപ്പമാക്കുന്നു. കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പർ, അയൺ തുടങ്ങിയ ധാതുക്കളാൽ സമ്പന്നവുമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകമായ വൈറ്റമിൻ സിയും ധാരാളം. പത്തുകിലോവരുന്ന ഒരു ചക്കയിൽ നിന്ന് ചുരുങ്ങിയത് 1000 രൂപയുടെ മൂല്യവർദ്ധിത ഉത്പന്നം നിർമിക്കാനാവുമെന്നാണ് കണ്ടെത്തൽ. ചക്കച്ചുള ഉണക്കി സൂക്ഷിച്ചുവയ്ക്കുന്ന രീതിയും വ്യാപകം.

ഗൾഫിൽ ചക്കവിപണി 'ചക്ക" രപ്പന്തൽ എന്നാണറിയപ്പെടുക. ലോകത്തെ ചക്ക പ്രമാണിമാരെയും അവിടെ പരിചയപ്പെടാം. മലേഷ്യ, തായ്ലൻഡ്, ഫിലിപ്പീൻസ്, യുഗാണ്ട, വിയറ്റ്‌നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ഒന്നാം തരം വരിക്കച്ചക്ക എത്തുന്നു. പുതിയ തലമുറയ്ക്ക് അന്യമായ ആഞ്ഞിലിച്ചക്കയും സമൃദ്ധം. ആഞ്ഞിലിച്ചക്കയ്ക്ക് നാട്ടിലും ആരാധകർ കൂടിവരികയാണ്. വരിക്കച്ചക്ക, താമരച്ചക്ക, തേൻവരിക്ക, ചെമ്പാ ചക്ക, തേങ്ങാച്ചക്ക എന്നിങ്ങനെ ഒരുപാട് തറവാടികൾ ഉണ്ടായിരുന്ന നാടാണ് നമ്മുടേതെന്ന് എത്ര മലയാളികൾക്കറിയാം. പ്രമേഹരോഗികൾക്കു ധൈര്യമായി കഴിക്കാമെന്ന റിപ്പോർട്ടുകളുടെ ബലത്തിൽ രാജ്യാന്തര വിപണിയിൽ പച്ചച്ചക്കയ്ക്കും ആവശ്യക്കാർ കൂടിവരികയാണ്.

സ്വദേശിയെ മറക്കരുത് രണ്ടുവർഷത്തിനകം വിളവുതരുന്ന വിയറ്റ്‌നാം ഏർലി ഉൾപ്പെടെയുള്ള ഇനങ്ങളാണ് കേരളത്തിലെ പുതിയ ട്രെൻഡ്. വിദേശികൾ പിടിമുറുക്കുമ്പോൾ അതീവ രുചികരമായ പലയിനങ്ങളും എന്നന്നേക്കുമായി നഷ്ടപ്പെടുന്നു. നാടൻ പശുക്കളുടെ അവസ്ഥ കേരളത്തിലെ പ്ലാവുകൾക്കു ഉണ്ടായേക്കാമെന്ന ആശങ്ക കാർഷിക ശാസ്ത്രജ്ഞർ പങ്കുവയ്ക്കുന്നു.