മലയാളത്തിൽ ദൈവനാമം ചൊല്ലി, ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിൽ ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്. അഭിഭാഷകൻ ഉജ്ജ്വൽ നികം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ല, ചരിത്രകാരിയും അക്കാദമിക് വിദഗ്ധയുമായ മീനാക്ഷി ജെയിൻ എന്നിവരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകരാണ് സത്യവാചകം ചൊല്ലി കൊടുത്തത്.
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നുള്ള സദാനന്ദൻ, കേരളത്തിലെ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. 1994-ൽ ആർഎസ്എസ്-സിപിഎം പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ അദ്ദേഹത്തിന് രണ്ട് കാലുകളും നഷ്ടപ്പെട്ടു, പിന്നീട് വീൽചെയറിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവർത്തനം തുടർന്നത്.
2016-ലും 2021-ലും ബിജെപി സ്ഥാനാർത്ഥിയായി കൂത്തുപറമ്പിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിങ്കിലും പരാജയപ്പെട്ടു. 2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സദാനന്ദന്റെെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കേരളത്തിൽ എത്തിയിരുന്നു.