ബംഗ്ലാദേശിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വിമാനം തകർന്നുവീണു; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

Monday 21 July 2025 3:33 PM IST

ധാക്ക: ബംഗ്ലാദേശിൽ വിമാനം തക‌ർന്നുവീണ് ഒരാൾ മരിച്ചു. ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനമാണ് ധാക്കയിലെ ഒരു സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് തകർന്ന് വീണത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് അപകടമുണ്ടായത്. സൈന്യവും അഗ്നിശമന ഉദ്യോഗസ്ഥരും ഇത് സ്ഥിരീകരിച്ചു. അപകടസമയത്ത് സ്‌കൂളിനുള്ളിൽ വിദ്യാർത്ഥികളുണ്ടായിരുന്നു. സ്‌കൂൾ കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തകർന്നുവീണ എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മരിച്ചത് സ്‌കൂൾ വിദ്യാർത്ഥിയാണോ അതോ വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലുമാണോ എന്നതും വ്യക്തമല്ല.