പാക്കിൽ സംക്രമവാണിഭം സജീവമാകുന്നു  നാട്ടുവിപണി, തനിനാടൻ...

Monday 21 July 2025 5:01 PM IST

കോട്ടയം: കുട്ടയും വട്ടിയും മുറവുമൊക്കെ നിരന്നിരിക്കുന്നു. പരമ്പരാഗത ഉത്പന്നങ്ങൾ വാങ്ങാനും കാണാനും നല്ല തിരക്ക്. പാക്കിൽ സംക്രമവാണിഭം ഒരു ജനതയുടെ കാർഷിക സാംസ്‌കാരിക പാരമ്പര്യത്തിന്റെ ശേഷിപ്പ് കൂടിയാവുകയാണ്. കർക്കടകം 1 മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന സംക്രമവാണിഭം പടനിലമെന്ന പാക്കിൽ ക്ഷേത്ര മൈതാനാണ് നടക്കുന്നത്. സംക്രമത്തിൽ സാധനങ്ങൾ വാങ്ങാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുവരെ ആളുകളെത്തുന്നുണ്ട്. പാക്കിൽ നിവാസികളുടെ ജീവിതവുമായി ഇഴചേർന്ന വാണിഭ ചന്തയിൽ നിരവധി സ്റ്റാളുകളുണ്ട്.

ആളുണ്ട്, നല്ല തിരക്കുണ്ട്

പരമ്പരാഗത ഉത്പ്പന്നങ്ങൾക്കാണ് ആവശ്യക്കാരേറെ. കാർഷിക ഉപകരണങ്ങൾ, പരമ്പരാഗത വീട്ടുപകരണങ്ങൾ, ആധുനിക ഗാർഹിക ഉത്പ്പന്നങ്ങൾ എന്നിവ സുലഭമാണ്. ഈറ്റയിൽ നെയ്‌തെടുത്ത കുട്ട, മുറം, വട്ടി എന്നിവയ്ക്കും ചൂല്, ചിരവ, തഴപ്പായ, കയർ ഉത്പന്നങ്ങൾ, മൺചട്ടി, കൽചട്ടി, മൺകലം, കൂജ, അരകല്ല്, ഉലക്ക ഉൾപ്പെടെയുള്ള പരമ്പരാഗത വീട്ടുപകരണങ്ങൾക്കും ഡിമാൻഡുണ്ട്. മധുരപലഹാരങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളുമുണ്ട്.

മഴ തങ്ങൾക്ക് പ്രതിന്ധിയാണ്. തുടർന്നുള്ള ദിവസങ്ങളിൽ മികച്ച തിരക്ക് പ്രതീക്ഷിക്കുന്നു. (വ്യാപാരികൾ)