പ്രിയം വിദേശ ടൂർ പാക്കേജ്ജിനോട് ഹൗസ്ഫുൾ ആകാതെ ഹൗസ്ബോട്ടുകൾ

Monday 21 July 2025 7:33 PM IST

കോട്ടയം:ടൂറിസത്തിന്റെ വ്യത്യസ്ത തലങ്ങൾ തേടി സഞ്ചാരികൾ പോയതോടെ അടിതെറ്റി ഹൗസ് ബോട്ട് മേഖല. കായലും വള്ളവും ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. കുറഞ്ഞനിരക്കിൽ മലയാളികൾ ഉൾപ്പെടെ തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് പറക്കുകയാണ്. ഇതാണ് ഹൗസ് ബോട്ട് മേഖലയിൽ പ്രതിസന്ധി ഇരട്ടിയാക്കിയത്.. ജി.20യും മേഖലയെ തുണച്ചില്ല. മൺസൂൺ സീസൺ എത്തിയിട്ടും വിദേശസഞ്ചാരികളുടെ വരവ് കുറഞ്ഞെന്ന് ഹൗസ് ബോട്ട് ഉടമകൾ പറയുന്നു.

വീണ്ടും തളർച്ചയിൽ... പ്രളയവും കൊവിഡും അതിജീവിച്ച ഹൗസ് ബോട്ട് മേഖല വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ മറിച്ചായി കാര്യങ്ങൾ. ശിക്കാര വള്ളത്തിലുള്ള യാത്രയ്ക്ക് പോലും സഞ്ചാരികൾ കുറഞ്ഞു. കായൽ യാത്ര ആസ്വദിക്കാൻ സർക്കാർ സർവീസ് ബോട്ടുകളെ ആശ്രയിക്കുന്ന പ്രവണതയും സഞ്ചാരികളിൽ വർദ്ധിച്ചു. ഹൗസ് ബോട്ടുടമകൾക്കും ശിക്കാരവള്ളക്കാർക്കും പ്രകൃതിക്ഷോഭവും വിലങ്ങുതടിയാണ്. 120 ഓളം ഹൗസ് ബോട്ടുകളുള്ള കുമരകത്ത് 10 ബോട്ടുകൾ മാത്രമാണ് നീറ്റിലിറങ്ങുന്നത്.

ആവശ്യങ്ങൾ: ടൂറിസ്റ്റുകളെ കൂടുതലായി എത്തിക്കണം സർക്കാർ തലത്തിൽ ഇടപെടൽ വേണം ടൂറിസം വകുപ്പ് പ്രശ്നങ്ങളിൽ ഇടപെടണം

വിദേശികൾ കൂടുതലായി എത്തിത്തുടങ്ങിയാൽ മേഖലയിൽ പുത്തനുണർവുണ്ടാകും. ഓണക്കാലമാണ് ഇനിയുള്ള പ്രതീക്ഷ.

(ഷിനോജ്, ഹൗസ് ബോർഡ് ഓണേഴ്‌സ് വെൽഫെയർ സൊസൈറ്റി മുൻ ഭാരവാഹി).