എൻഡോസൾഫാൻ ദുരന്തം ദേശീയശ്രദ്ധയിലെത്തിച്ച പോരാളി വിഷമഴ പെയ്ത നിലങ്ങൾ നടന്നുകണ്ടു;നിയമസഭയിൽ തീ പടർത്തി
കാസർകോട്: കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്‌നത്തിലേക്ക് നിയമസഭയുടെയും സംസ്ഥാനത്തിന്റെയും സജീവ ശ്രദ്ധ എത്തിയതിന് പിന്നിൽ വി.എസ് അച്യുതാനന്ദൻ എന്ന അതുല്യപോരാളിയുടെ സാന്നിദ്ധ്യമായിരുന്നു.കാസർകോട്ടെ പരിസ്ഥിതിപ്രവർത്തകർ മണിക്കൂറുകളോളമെടുത്താണ് എൻഡോസൾഫാൻ തളിച്ചതും അതുണ്ടാക്കിയ ദുരന്തത്തെയും കുറിച്ച് പ്രതിപക്ഷനേതാവായിരുന്ന വി എസിനെ ബോദ്ധ്യപ്പെടുത്തിയത്. അടുത്ത ദിവസം തന്നെ എൻമകജെയും ബോവിക്കാനവുമമടക്കമള്ള സ്ഥലങ്ങളിൽച്ചെന്ന് നേരിട്ടുകാര്യങ്ങൾ മനസ്സിലാക്കി. ചോരയും കണ്ണീരും പ്രതിഫലിച്ച ചിത്രങ്ങൾ കാട്ടിയാണ് വി.എസ് നിയമസഭയിൽ എൻഡോസൾഫാൻ ഭീകരത തുറന്നുകാട്ടിയത്.
എൻഡോസൾഫാൻ മൂലം പാരിസ്ഥിതിക പ്രശ്നമുണ്ടായിട്ടേയില്ലെന്നായിരുന്നു വി.എസിന് അന്നത്തെ കൃഷിമന്ത്രി കെ.ആർ.ഗൗരിയമ്മ നൽകിയ മറുപടി. എൻഡോസൾഫാൻ മൂലം ആരും മരിച്ചിട്ടില്ലെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഏതാനും ദിവസത്തിനകം വി.എസ് വീണ്ടും കാസർകോട്ടെത്തി. ഒരിക്കൽക്കൂടി എൻഡോസൾഫാൻ ഇരകളെ കണ്ട അദ്ദേഹം എൽ.ഡി.എഫ്. നേതൃത്വത്തിലുള്ള സമരം ഉദ്ഘാടനം ചെയ്തു. ഇതോടെയാണ് മുഖ്യധാര രാഷ്ട്രീയപ്പാർട്ടികൾ എൻഡോസൾഫാൻ പ്രശ്നം ഗൗരവത്തിലെടുക്കുന്നത്. അതുവരെ കൃഷിശാസ്ത്രജ്ഞരുടെയും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെയും വാദങ്ങളായിരുന്നു സർക്കാർ മുന്നോട്ടുവച്ചിരുന്നത് .
താൻ ഇടപെട്ട ഒരു ജീവൽപ്രശ്നത്തിൽ തികച്ചും നിഷേധാത്മകമായ മറുപടിയുണ്ടായതാണ് വിഎസിനെ വിഷമിപ്പിച്ചത്.വിഎസ് നടത്തിയ കർക്കശമായ ഇടപെടലാണ് എൻഡോസൾഫാൻ വിഷയം ഉയർന്നു വന്നതിനു കാരണമായതും. എൻഡോസൾഫാൻ ലോകവ്യാപകമായി നിരോധിക്കണമെന്ന ആവശ്യമുയർത്തുകയും കീടനാശിനികൾ സംബന്ധിച്ച ഐക്യരാഷ്ട്രസമ്മേളനം സ്റ്റോക്ക്ഹോമിൽ നടക്കുന്ന ദിവസം തിരുവനന്തപുരത്ത് മന്ത്രിസഭാംഗങ്ങൾ പങ്കെടുത്ത് നിരാഹാരസത്യാഗ്രഹം നടത്തുകയും ചെയ്തു. സ്റ്റോക്ക്ഹോം കൺവെൻഷനിലേക്ക് കേരളം പ്രതിനിധിയേയും അയച്ചു. ഇന്ത്യാ ഗവൺമെന്റ് എൻഡോസൾഫാൻ നിരോധിക്കണമെന്ന് ആവശ്യപ്പടണമെന്നാണ് വി.എസിന്റെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ കുറേക്കാലം കൂടി എൻഡോസൾഫാൻ ഉപയോഗം തുടരണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. എൻഡോസൾഫാൻ ദുരിത ബാധിതരുടെ കണ്ണീരൊപ്പാൻ ആദ്യമായി സാമ്പത്തിക സഹായം അനുവദിച്ചതും പിന്നാലെ വി.എസ് അധികാരത്തിൽ എത്തിയപ്പോഴാണ്.