വി.എസിന് വേണ്ടി സർവതും മറന്നിറങ്ങിയ ഓട്ടോസ്റ്റാൻഡ്

Monday 21 July 2025 10:03 PM IST

കാസർകോട്: 2006ൽ പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദനെ ഒഴിവാക്കി നിയമസഭ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയതിന് തൊട്ടുപിറകെ നീലേശ്വരത്ത് അ‍ഞ്ഞൂറോളം പേർ തെരുവിലിറങ്ങി വൻപ്രതിഷേധം സംഘടിപ്പിച്ചത് പാർട്ടിയെ ഞെട്ടിച്ചിരുന്നു. അതുവരെയുള്ള സി.പി.എമ്മിന്റെ ചരിത്രം തിരുത്തിച്ച് വി.എസിനെ ഉൾപ്പെടുത്തിയ പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്

നീലേശ്വരം ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഓട്ടോ സ്റ്രാൻഡ് കേന്ദ്രീകരിച്ചാണ് സംസ്ഥാനത്ത് തന്നെ വി.എസിനെ ഒഴിവാക്കിയുള്ള സി.പി.എം സ്ഥാനാർത്ഥി പട്ടികക്കെതിരെ കലാപം ഉയർന്നത്. ഇത് പിന്നീട് കേരളം മുഴുവനും പ്രതിഷേധിക്കുന്ന നിലയിലേക്കെത്തി. പല പ്രമുഖരും ഇതെ അഭിപ്രായത്തിനൊപ്പം നിന്നതോടെ വി.എസിനെ മലമ്പുഴയിൽ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.

അന്ന് സി.പി.എം നീലേശ്വരം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലെ കൊടിമരത്തിൽ കരിങ്കൊടി ഉയർന്നതും പാർട്ടിയെ ഞെട്ടിച്ചു. മടിക്കൈ അടക്കമുള്ള പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലേക്ക് പോലും അന്ന് പ്രതിഷേധം പടർന്നിരുന്നു. പിന്നീട് പലതരത്തിലുള്ള എതിർപ്പുകളും മറികടന്ന് നീലേശ്വരത്തെ ഓട്ടോ തൊഴിലാളികൾ തങ്ങളുടെ സ്റ്റാൻഡിന് വി.എസ് ഓട്ടോ സ്റ്റാൻഡ്' എന്നു പേരു നൽകി അദ്ദേഹത്തോടുള്ള സ്നേഹം പ്രകടമാക്കുകയും ചെയ്തു. പാർട്ടി തന്നെ പരസ്യമായി സമ്മതിച്ച വിഭാഗീയതയിൽ ഓട്ടോ സ്റ്റാൻഡിലെ പാർട്ടി അംഗങ്ങൾക്കെതിരെ നടപടി പിന്നാലെ വന്നു.

കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് വിഎസിന്റെ 100ാം പിറന്നാൾ ഈ ഓട്ടോ സ്റ്റാൻഡ് ആഘോഷിച്ചത്. ഓട്ടോ തൊഴിലാളികൾക്കൊപ്പം പാർട്ടി പ്രവർത്തകർ കൂടി ചേർന്നാണ് ഈ ആഘോഷം കെങ്കേമമാക്കിയത്. നീലേശ്വരം ബസ് സ്റ്റാൻഡ് പുനർനിർമ്മാണത്തിനായി പൊളിച്ചുമാറ്റിയതോടെ ഇപ്പോൾ ഇവിടെ ഓട്ടോ പാർക്കിംഗ് നാമമാത്രമാണ്. വി.എസിന്റെ പേരിൽ രംഗത്ത് പ്രതിഷേധവുമായി ഇറങ്ങിയവരിൽ പലരും പിന്നീട് അച്ചടക്കനടപടിക്ക് വിധേയരായി പുറത്തേക്ക് പോയി. ബാക്കിയുള്ളവർ നടപടിക്ക് വിധേയരായി തുടരുകയുമാണ്.