കണ്ണൂരിന് ചിറക് നൽകിയ വി.എസ്

Monday 21 July 2025 10:03 PM IST

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ചരിത്രത്തിൽ നിരവധി പ്രമുഖ നേതാക്കളുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. എങ്കിലും പദ്ധതിയുടെ ശിലാസ്ഥാപനവും മുടങ്ങിക്കിടന്ന സ്ഥലമേറ്റെടുപ്പ് പൂർത്തീകരിച്ചതിന്റെയും ക്രെഡിറ്റ് വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയ്ക്കാണ്. പദ്ധതി വേണമെന്ന അന്തിമ തീരുമാനത്തിന് ശേഷം സ്ഥലമേറ്റെടുപ്പ് ഉൾപ്പടെ ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു.

പിന്നീട് 2003 സെപ്റ്റംബറിൽ കേന്ദ്ര വ്യോമയാനമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് വിമാനത്താവളം സജീവ പരിഗണനയിലെന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കണ്ണൂരിൽ വിമാനത്താവളം സ്ഥാപിക്കുമെന്ന് 2004 ഡിസംബറിൽ കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുൽ പട്ടേൽ ലോക്സഭയെ അറിയിച്ചു. തുടർന്ന് ഉമ്മൽചാണ്ടി സർക്കാറിന്റെ കാലത്ത് 2005 മാർച്ചിൽ സംസ്ഥാന മന്ത്രിസഭ പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനമെടുത്തു. 2005 ജൂലായിൽ വിമാനത്താവള ഭൂമിയുടെ പുതിയ രൂപരേഖ റവന്യു വകുപ്പ് തയാറാക്കി. 2006ൽ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭ അധികാരമേറ്റെടുത്തതിനെ തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ പുനരാരംഭിച്ചത്.

2007 മാർച്ചിൽ പ്രതിരോധ വകുപ്പിന്റെ അനുമതി ലഭിച്ചു. 2007 ഒക്ടോബറിൽ മൂർഖൻപറമ്പിൽ 1,091 ഏക്കർ ഏറ്റെടുക്കാൻ വിജ്ഞാപനം വന്നു. ആഗസ്റ്റിൽ രണ്ടാംഘട്ട സ്ഥലമെടുപ്പിനും വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബറിൽ ഭൂമി ഏറ്റെടുക്കൽ ഓഫീസുകൾ വീണ്ടും ആരംഭിച്ചു. 2008 ജനുവരിയിൽ വിമാനത്താവളത്തിനു കേന്ദ്രാനുമതിയായി. വിമാനത്താവളം ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമിക്കാൻ 2008 മേയിൽ മന്ത്രിസഭ തീരുമാനിച്ചു. 2009 ഡിസംബറിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) നിലവിൽ വന്നു. 2010 ഡിസംബറിൽ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ പദ്ധതിക്കു തറക്കല്ലിട്ടു. 2018 ഡിസംബർ 9ന് വിമാനത്താവളം ഉദ്ഘാടന ചടങ്ങിൽ മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേയും ചടങ്ങിലേക്ക് ക്ഷണിക്കാത്തത് ചർച്ചയായിരുന്നു.