എതിർപ്പുകളെ തെല്ലും കൂട്ടാക്കാത്ത വി.എസ് കയ്യൂർ രക്തസാക്ഷിക്കൾക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ സ്മാരകം
കണ്ണൂർ: കേരള സമര ചരിത്രത്തിലെ വിപ്ലവ നക്ഷത്രങ്ങളായ കയ്യൂർ സഖാക്കളെ തൂക്കിലേറ്റിയ കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ രക്തസാക്ഷി സ്മാരകം നിർമ്മിക്കാൻ മുൻകൈയെടുത്തത് വി.എസ്.അച്യുതനാന്ദൻ. മുഖ്യമന്ത്രിയെന്ന നിലയിലല്ല, വിപ്ലവകാരിയായായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ. തൂക്കിലേറ്റപ്പെട്ടവർക്ക് ജയിൽ വളപ്പിൽ സ്മാരകം എന്ന ആശയത്തോട് യോജിക്കാത്ത ജയിൽ ഡി.ജി.പി അടക്കമുള്ള ഉദ്യോഗസ്ഥരോടും ജയിലിനെ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട കോൺഗ്രസിനെയും വി.എസ് വെല്ലുവിളിക്കുകയായിരുന്നു.
സ്മാരകം നിർമ്മിച്ചാൽ പൊളിക്കുമെന്ന തരത്തിൽ വരെ വെല്ലുവിളികളുയർന്നപ്പോൾ സ്മാരകത്തിൽതൊട്ടാൽ കൈവെട്ടുമെന്നായിരുന്നു അന്ന് സി.പി.എമ്മിന്റെ മറുപടി. വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയായ വി.എസ് സ്മാരകം നിർമ്മിക്കുകയും ഉദ്ഘാടനം ചെയ്ത് വിപ്്ളവ പോരാളികൾക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്തു.