വി.എസിന്റെ പ്രിയപ്പെട്ട കണ്ണൻ
ചെറുവത്തൂർ: ഏഴുവർഷം വി.എസിന്റെ നിഴലായി നടന്ന കയ്യൂരിലെ കുഞ്ഞിക്കണ്ണന് സഖാവിന്റെ വിയോഗം താങ്ങാവുന്നതല്ല. കയ്യൂർ രക്തസാക്ഷികളുടെ മണ്ണിൽ നിന്നും ഗൺമാനായെത്തിയ കുഞ്ഞിക്കണ്ണൻ വി.എസിന്റെ പ്രിയപ്പെട്ട കണ്ണനായിരുന്നു.
കാസർകോട് എ.ആർ ക്യാമ്പിൽ സബ്ഇൻസ്‌പെക്ടറായിരിക്കെ 2011 ആഗസ്റ്റ് 19-നാണ് അന്ന് പ്രതിപക്ഷനേതാവായിരുന്ന വിഎസിന്റെ ഗൺമാനായി തിരുവനന്തപുരത്തെത്തുന്നത്. 2017വരെ നിഴലായി നടന്നു. വി.എസിന്റെ ജീവിതക്രമം മന:പാഠമാണ് കുഞ്ഞിക്കണ്ണന്. രാവിലെ നാലിന് ഉണർന്ന് പ്രാഥമീക കർമ്മങ്ങൾ കഴിഞ്ഞാൽ വലിയ ഗ്ലാസ് നിറയെ കരിക്കിൻവെള്ളം കുടിക്കും. പിന്നീട് നടത്തം. അത് കഴിഞ്ഞാൽ പത്രവായന. അപ്പോഴേക്കും വിയർപ്പ് ആറും. തുടർന്നാണ് കുളി. കുളികഴിഞ്ഞ് അഞ്ചു മിനിറ്റ് നേരം സൂര്യപ്രകാശമേൽക്കും. പ്രാതലിന് ആവിയിൽവെന്ത ഭക്ഷണം. ഉച്ചയൂണിന് പച്ചക്കറി മാത്രം. ഇടയ്ക്കിടിെ കരിക്കിൻവെള്ളവും ചൂടുവെള്ളവും കുടിക്കും. രാത്രിയിൽ രണ്ട് പൂവൻപഴവും മൂന്ന് കഷ്ണം പപ്പായയും. പപ്പായ നിർബന്ധം. കൊൽക്കത്തയിൽ കേന്ദ്രകമ്മിറ്റിക്ക് പോയ അവസരത്തിൽ പപ്പായക്ക് വേണ്ടി കിലോമീറ്ററുകളോളം നടക്കേണ്ടിവന്നത് കുഞ്ഞിക്കണ്ണൻ ഓർമ്മിച്ചെടുക്കുന്നു