പൊതുദർശനം ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ 

Tuesday 22 July 2025 1:04 AM IST

ആലപ്പുഴ: വി.എസ് അച്യുതാനന്ദന്റെ ഭൗതികദേഹം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ നാളെ രാവിലെ 11 മണി മുതൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ജില്ലാകളക്ടറുടെ ചേംബറിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. പി.പി.ചിത്തരഞ്ജൻ എം.എൽ.എ,​ ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ, എ.ഡി.എം ആശ.സി. എബ്രഹാം, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ചുടുകാടിൽ സംസ്‌കാരം

# ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ഭൗതികദേഹം ആലപ്പുഴയിലേക്ക് കൊണ്ടുവരും

# ചൊവ്വ രാത്രി 9 മണിയോടുകൂടി ആലപ്പുഴയിലെ സ്വവസതിയിലെത്തിച്ചേരും

#ബുധനാഴ്ച്ച രാവിലെ 9 വരെ സ്വവസതിയിൽ

#രാവിലെ 10 മണിയോടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം

#11 മുതൽ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിൽ പൊതുദർശനം

#നാല് മണിയോടെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.

ബീച്ചിൽ നിയന്ത്രണം,​

ഗതാഗതക്രമീകരണം

പൊതുദർശനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സഞ്ചാരികൾക്ക് ബീച്ചിൽ നിയന്ത്രണവും നഗരത്തിൽ ഗതാഗതക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുദർശനത്തിനെത്തുന്നവർക്കുള്ള വാഹനപാർക്കിങ്ങിന് ബീച്ചിലെ മേൽപ്പാലത്തിന് അടിവശത്താണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി പൊലീസിനെയും വിന്യസിക്കും.