പൊതുദർശനം ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ
ആലപ്പുഴ: വി.എസ് അച്യുതാനന്ദന്റെ ഭൗതികദേഹം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ നാളെ രാവിലെ 11 മണി മുതൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ജില്ലാകളക്ടറുടെ ചേംബറിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ, എ.ഡി.എം ആശ.സി. എബ്രഹാം, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ചുടുകാടിൽ സംസ്കാരം
# ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ഭൗതികദേഹം ആലപ്പുഴയിലേക്ക് കൊണ്ടുവരും
# ചൊവ്വ രാത്രി 9 മണിയോടുകൂടി ആലപ്പുഴയിലെ സ്വവസതിയിലെത്തിച്ചേരും
#ബുധനാഴ്ച്ച രാവിലെ 9 വരെ സ്വവസതിയിൽ
#രാവിലെ 10 മണിയോടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം
#11 മുതൽ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിൽ പൊതുദർശനം
#നാല് മണിയോടെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
ബീച്ചിൽ നിയന്ത്രണം,
ഗതാഗതക്രമീകരണം
പൊതുദർശനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സഞ്ചാരികൾക്ക് ബീച്ചിൽ നിയന്ത്രണവും നഗരത്തിൽ ഗതാഗതക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുദർശനത്തിനെത്തുന്നവർക്കുള്ള വാഹനപാർക്കിങ്ങിന് ബീച്ചിലെ മേൽപ്പാലത്തിന് അടിവശത്താണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി പൊലീസിനെയും വിന്യസിക്കും.