സമരത്തിന് നൽകിയ പിന്തുണ അസാധാരണമെന്ന് ഡോ.അംബികാസുതൻ മാങ്ങാട് 'എൻമഗജെ" ഉണ്ടായത് വി.എസ് ഉള്ളതുകൊണ്ട് "
കാസർകോട്: തന്റെ എൻമഗജെ എന്ന നോവൽ എഴുതാൻ തീരുമാനിച്ചതിന് പിന്നിൽ വി.എസ്.അച്യുതാനന്ദൻ എന്ന പോരാളിക്ക് വലിയ സ്വാധീനമുണ്ടെന്ന് എൻഡോസൾഫാൻ ദുരിതബാധിതരുടെ ദൈന്യജീവിതം വായനക്കാർക്ക് മുന്നിൽ എത്തിച്ച പ്രമുഖ എഴുത്തുകാരൻ ഡോ.അംബികാസുതൻ മാങ്ങാട് .അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി വി.എസ്.നടത്തിയ ഇടപെടലുകളുടെ കരുത്ത് പങ്കുവച്ചത്.
എൻഡോ സൾഫാൻ വിഷയത്തിൽ ദീർഘകാലം അദ്ദേഹം സമരങ്ങൾക്ക് നൽകിയ പിന്തുണ അസാധാരണമായിരുന്നുവെന്ന് അംബികാസുതൻ ഓർമ്മിക്കുന്നു. 2001ൽ ആദ്യമായി അദ്ദേഹം കിട്ടണ്ണ, കുമാരൻ മാഷ് തുടങ്ങിയവരെ സന്ദർശിച്ച് ദുരന്തത്തിന്റെ വ്യാപ്തി ലോകത്തിനോട് വിളിച്ചു പറഞ്ഞു. എൻഡോസൾഫാൻ വിരുദ്ധസമരസമിതി 2004ൽ ക്വിറ്റ് എൻഡോ സൾഫാൻ എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം പെരുമഴയത്തായിരുന്നു വി.എസ് ഗംഭീരപ്രസംഗത്തോടെ ഉദ്ഘാടനം ചെയ്തത്. 2006ൽ മുഖ്യമന്ത്രിയായപ്പോൾ വീണ്ടും ഇവിടെ എത്തി 138 പേർക്ക് അമ്പതിനായിരം വീതം നൽകുകയും ദുരന്തകാരണം കൊടുംവിഷമായ എൻഡോ സൾഫാനാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
എഴുതാനുറച്ചത് സമരപന്തലിൽ വച്ച്
ആ പന്തലിൽ വളരെ ആവേശത്തോടെ ഇരിക്കുമ്പോഴാണ്, ഒരിക്കലും എഴുതണ്ട എന്നു പല തവണ തീരുമാനിച്ച എൻ മകജെ നോവൽ എഴുതാൻ താൻ തീരുമാനിക്കുന്നതെന്ന് അംബികാസുതൻ പറഞ്ഞു. വി.എസ് ഉള്ളത് കൊണ്ടാണ് എൻമകജെ ഉണ്ടായത് എന്ന് താൻ ഉറച്ചു വിശ്വസിക്കുന്നു. 2009ൽ എഴുതി പൂർത്തിയായി അടുത്ത വർഷം ആദ്യ പതിപ്പിന്റെ റോയൽറ്റി എൻമകജെ ഗ്രാമത്തിലെ പെർലെയിൽ വെച്ച് ഒരു ചടങ്ങിനിടയിൽ നോവലിലെത്തന്നെ 7 കഥാപാത്രങ്ങളായ കുട്ടികൾക്ക് വി.എസ് തന്നെ വിതരണം ചെയ്തു. 2011 ൽ ജനീവയിൽ പരിസ്ഥിതി ഉച്ചകോടി നടക്കുമ്പോൾ ഇന്ത്യയുടെ എൻഡോ സൾഫാൻ അനുകൂല നിലപാടിനെതിരെയും ജനീവയിൽ വിഷം നിരോധന തീരുമാനത്തിനും വേണ്ടി മുഖ്യമന്ത്രി വി.എസ് തെരുവിൽ ഒരു നാൾ ഉപവാസം അനുഷ്ഠിച്ചു. കാസർകോടിനെ പ്രതിനിധീകരിച്ച് ക്ഷണം കിട്ടിയത് തനിക്കായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻഡോ സൾഫാൻ: കേരള സ്റ്റോറി എന്ന സർക്കാരിന്റെ കനപ്പെട്ട പ്രതിരോധ പുസ്തകം വി.എസ് അച്യുതാനന്ദനാണ് പ്രകാശനം ചെയ്തത്. സമര ചർച്ചകളിൽ വി.എസ് കാണിച്ച ആത്മാർത്ഥത മറക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. 2015 ൽ എൻമകജെയുടെ പത്താമത്തെ സ്‌പെഷ്യൽ എഡിഷൻ തിരുവനന്തപുരത്തെ സമരപ്പന്തലിൽ വെച്ച് സുഗതകുമാരിക്ക് നൽകി വി എസാണ് പ്രകാശനം ചെയ്തതെന്നും അംബികാസുതൻ പറഞ്ഞു.