വി.എസ് സമാനതകളില്ലാത്ത രാഷ്ട്രീയവ്യക്തിത്വം: ജി.സുധാകരൻ
Tuesday 22 July 2025 12:22 AM IST
അമ്പലപ്പുഴ: സമാനതകളില്ലാത്ത വ്യക്തിത്വമാണ് വി.എസിന്റെതെന്നും, അദ്ദേഹത്തിന് സമാനമായി ആരെയും കണ്ടിട്ടില്ലെന്നും മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. വി.എസ്. അച്യുതാന്ദന്റെ വസതിയിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജി.സുധാകരൻ. വായിൽ വെള്ളിക്കരണ്ടിയുമായല്ല അദ്ദേഹം ജനിച്ചത്. പോരാടിയാണ് ജീവിച്ചത്. ചരിത്രം ഒരുപാട് ഉണ്ടെന്നും ജി.സുധാകരൻ പറഞ്ഞു. അടിസ്ഥാന വർഗത്തിന് വേണ്ടി പോരാടി ദേശീയ നേതാവായ വ്യക്തിത്വമാണ് വി.എസിന്റേത്. അദ്ദേഹത്തിന്റെ കാൽപ്പാദങ്ങൾ പതിയാത്ത ഒരിഞ്ചു ഭൂമി പോലും കുട്ടനാട്ടിൽ കാണില്ല. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത് കൊടിയ മർദ്ദനം ഏറ്റുവാങ്ങിയ നേതാവായിരുന്നു അദ്ദേഹമെന്നും ജി.സുധാകരൻ പറഞ്ഞു. അവസാന നിമിഷം വരെ പോരാളി ആയിരുന്നു വി.എസ് എന്നും മരണത്തോടും അദ്ദേഹം പോരാടിയെന്നും ജി.സുധാകരൻ പറഞ്ഞു.