ഹൃദയനൊമ്പരം പേറി ജന്മനാട്
ആലപ്പുഴ: വി.എസ്.അച്യുതാനന്ദന്റെ വിയോഗവാർത്ത അറിഞ്ഞതോടെ ഹൃദയനൊമ്പരം പേറുകയാണ് ജന്മനാട്. രാഷ്ട്രീയത്തിലും ജീവിതത്തിലും ഒരുപാട് പ്രതിസന്ധികളെ കരളുറപ്പോടെ ചെറുത്തു തോൽപ്പിച്ച വി.എസ് ഇന്നല്ലെങ്കിൽ നാളെ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷകൾക്ക് മീതേയാണ് സഖാവിന്റെ മരണവാർത്തയെത്തിയത്. ഇതോടെ ആ വിപ്ളവ സൂര്യന് ജന്മമേകിയ, സമരപഥങ്ങളിൽ ഊർജം പകർന്ന നാട് കണ്ണീരിലായി. വേലിക്കകത്ത് വീട്ടിലേക്ക് നിറപുഞ്ചിരിയോടെ ഇനി സഖാവ് കടന്നുവരില്ല. പുന്നപ്ര വയലാർ സമര പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഓർമ്മകളിൽ വി.എസ് എന്ന രക്തനക്ഷത്രം തുടർന്നുള്ള കാലവും നിറഞ്ഞുതന്നെ നിൽക്കും.
സമരപഥങ്ങളിൽ വി.എസ് പിച്ച വച്ച മണ്ണാണ് ആലപ്പുഴയിലേത്. അതുകൊണ്ടുതന്നെ അധികാര കസേരയിൽ ഇരുന്ന കാലത്തും ആലപ്പുഴയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അതിരുകൾക്ക് അപ്പുറമായിരുന്നു. എത്ര തിരക്കുണ്ടെങ്കിലും തിരുവോണ നാളിൽ പുന്നപ്ര വേലിക്കകത്തു വീട്ടിൽ ഓണസദ്യ കഴിക്കാൻ അദ്ദേഹം എത്തുമായിരുന്നു. പുലികളിയും കൊട്ടും മേളവുമായി നിരവധി ഓണക്കാലങ്ങൾ വേലിക്കകത്ത് വീടിന്റെ നടുമുറ്റത്ത് അരങ്ങുണർന്നിരുന്നു. ആരോഗ്യത്തിൽ അവശത നേരിട്ടു തുടങ്ങിയതോടെയാണ് ആലപ്പുഴയിലേക്കുള്ള വരവ് കുറഞ്ഞത്. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും വോട്ട് ചെയ്യാൻ കുടുംബസമേതം പുന്നപ്രയിലെത്തിയിരുന്ന വി.എസിനെ കാണാനായി മാത്രം കുട്ടികൾ ഉൾപ്പടെയുള്ള ആരാധകർ പുന്നപ്ര സ്കൂളിലേക്ക് ഓടിയെത്തുമായിരുന്നു.
ഇന്ന് ജന്മനാടിന് കാണാൻ ഒരിക്കൽ കൂടി വി.എസ് വേലിക്കകത്ത് വീട്ടിലെത്തും. വി.എസ് എത്തുന്ന പൊതുവേദികളിൽ മുഴങ്ങിയിരുന്ന മുദ്രാവാക്യമുണ്ട്. ഇന്ന് വേലിക്കകത്ത് വീട്ടിൽ അതേ മുദ്രാവാക്യം വീണ്ടും ഉയരും... കണ്ണേ..കരളേ വി.എസ്സേ...ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ, പുന്നപ്രയുടെ ഓമനയല്ലേ...വയലാറിന്റെ മുത്തല്ലേ....
പോരാട്ടത്തിലൂടെ ജ്വലിച്ച രക്തതാരകം
ആലപ്പുഴയിലെ കയർ - കർഷക തൊഴിലാളികൾക്കിടയിൽ നിന്ന് വളർന്ന് വന്ന പോരാട്ട വീര്യമായിരുന്നു വി.എസ്. 1940-ൽ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് വി.എസ് പൊതു രംഗത്തു സജീവമായത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് വി.എസ്.അച്യുതാനന്ദനെ പൊതു പ്രവർത്തനരംഗത്തേക്ക് കൊണ്ടുവന്നത്. തൊഴിലാളികളുടെ അവകാശ സമരങ്ങളിലൂടെയടക്കം അദ്ദേഹം രചിച്ച സമരകാവ്യങ്ങൾക്ക് തിളക്കമേറെയാണ്. അനുഭവങ്ങൾ പാകപ്പെടുത്തിയ തിരിച്ചടികളിൽ നിന്നുയർന്ന നേതാവായിരുന്നു വി.എസ്. എന്നും വിജയം രുചിച്ച രാഷ്ട്രീയ നേതാവിനെ തോൽവിയുടെ കയ്പ്പറിയിച്ചതും ജന്മനാടായിരുന്നു. 1996ൽ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ചകോട്ടയാ മാരാരിക്കുളത്ത് അച്യുതാനന്ദൻ തോൽവിയറിഞ്ഞു. ഈ പരാജയം പാർട്ടിയിൽ അച്യുതാനന്ദനെ ശക്തനാക്കിയെന്നുവേണം കരുതാൻ. 2001-ൽ ആലപ്പുഴ ജില്ല വിട്ട് പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി നേടിയത്. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്ന് മത്സരിക്കാനെത്തിയ സതീശൻ പാചേനി എന്ന ചെറുപ്പക്കാരനെതിരെ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ൽ ഇതേ മണ്ഡലത്തിൽ ഇതേ എതിരാളിയെ 20,017 വോട്ടുകൾക്കു തോൽപിച്ച് വി.എസ് ഭൂരിപക്ഷത്തിലെ കുറവു നികത്തി. പ്രസംഗിക്കുന്നതിന് നീട്ടിയും കുറുക്കിയുമുള്ള ശൈലി അദ്ദേഹം സ്വീകരിച്ചിരുന്നു. ആ ശൈലിക്കും ഏറെ ആരാധകരാനുള്ളത്. പരിസ്ഥിതി സംരക്ഷണം, സ്ത്രീകളുടെ സുരക്ഷ എന്നിവയ്ക്കു വേണ്ടി കർശന നിലപാടെടുക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധ പുലർയിരുന്നു.