അതുല്യയുടെ മരണം: സതീഷിനെതിരായ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം

Tuesday 22 July 2025 1:28 AM IST

കൊല്ലം: തേവലക്കര അതുല്യഭവനിൽ അതുല്യയെ (30) ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരായ തെളിവുകൾ ശേഖരിച്ച് തെക്കുംഭാഗം പൊലീസ്. അതിക്രൂര പീഡനദൃശ്യങ്ങളും അതുല്യയുടെ ശബ്ദസന്ദേശങ്ങളും അമ്മ തുളസിഭായിയുടെ ഫോണിൽ നിന്ന് പൊലീസ് ശേഖരിച്ചു.

അതുല്യ വിവരം പങ്കുവച്ചിട്ടുള്ള ബന്ധുക്കളുടെയും സുഹൃത്തുകളുടെയും മൊഴികളും പൊലീസ് രേഖപ്പെടുത്തി. അതുല്യയുടെ ഫോണും പാസ്പോർട്ടും ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്. പൊലീസ് അതുല്യയുടെ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷിന്റെ മാതാവ്, സഹോദരന്റെ ഭാര്യ അടക്കമുള്ള ബന്ധുക്കളുടെ മൊഴിയെടുത്തു. തങ്ങളുമായി പിണക്കത്തിലാണെന്നും സഹോദരൻ മരിച്ചിട്ടും സതീഷ് നാട്ടിൽ വന്നില്ലെന്നും ചിലർ മൊഴി നൽകി.

പോസ്റ്റ്മോർട്ടവും തുടർനടപടികളും പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. റീ പോസ്റ്റ്മോർട്ടത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

കേസ് ക്രൈംബ്രാഞ്ചിന്

കരുനാഗപ്പള്ളി എ.സി.പി അഞ്ജലിഭാവനയുടെ നേതൃത്വത്തിൽ തെക്കുംഭാഗം സി.ഐ ശ്രീകുമാർ അടക്കമുള്ള ആറംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഷാർജയിലടക്കം പോകേണ്ടതിനാൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. കൊലക്കുറ്റം, സ്ത്രീധന പീഡനം, കൈകൊണ്ടും ആയുധം കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കൽ അടക്കമുള്ള വകുപ്പുകളാണ് സതീഷിനെതിരെ ചുമത്തിയിട്ടുള്ളത്. ഇതിന് പുറമേ അതുല്യയുടെ ഷാർജയിലുള്ള ബന്ധുക്കൾ ദുബായ് കോൺസുലേറ്റിനും ഷാർജ പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ഭാര്യയെ പീഡിപ്പിക്കുന്ന ക്രൂരദൃശ്യങ്ങൾ പുറത്തുവന്നതോടെ, സൈറ്റ് എൻജിനിയറായിരുന്ന സതീഷിനെ ഷാർജയിലെ കൺസ്ട്രക്ഷൻ കമ്പനി പിരിച്ചുവിട്ടു. പീഡനദൃശ്യങ്ങൾ അതുല്യയുടെ ബന്ധുക്കൾ കമ്പനി അധികൃതർക്ക് കൈമാറിയിരുന്നു. മറ്റൊരു കമ്പനിയിലായിരുന്ന സതീഷ് ഒരുവർഷം മുമ്പാണ് കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലിയിലേക്ക് എത്തിയത്.