വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി: ഡൽഹി സ്വദേശി പിടിയിൽ
നെടുമ്പാശേരി: വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ ഡൽഹി പട്ടേൽ നഗർ നിധിൻ ശർമ്മ (ഖാലിദ് - 38)യെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാജ ബോംബ് ഭീഷണിക്കേസിൽ മൈസൂർ പൊലീസിന്റെ പിടിയിലായ പ്രതി റിമാൻഡിലായിരുന്നു. മൈസൂരിൽ ഉപയോഗിച്ച ഉപകരണം തന്നെയാണ് നെടുമ്പാശേരിയിലും ഉപയോഗിച്ചതെന്ന് സൈബർ പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് മൈസൂർ കോടതിയുടെ അനുമതിയോടെയാണ് നെടുമ്പാശേരി പൊലീസും പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം തിരികെ മൈസൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏപ്രിൽ മാസത്തിൽ വിമാനത്താവളത്തിലെ ഔദ്യോഗിക മെയിൽ ഐഡിയിലേക്കും മേയിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ മെയിൽ ഐഡിയിലേക്കും ഭീഷണി സന്ദേശം അയയ്‌ക്കുകയായിരുന്നു. കേരളത്തിൽ തിരുവനന്തപുരം, ഇടുക്കി എന്നിവിടങ്ങളിൽ ഉൾപ്പെടെ പ്രതിക്കെതിരെ കേസുകളുണ്ട്. ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ സാബുജീ മാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.