സംഗീതത്തിലാഴ്ത്തി മിൻമിനി
Tuesday 22 July 2025 12:00 AM IST
തൃശൂർ: ഗായിക മിൻമിനി ചിന്നച്ചിന്ന ആസൈ പാടിയപ്പോൾ, കെ.ടി.മുഹമ്മദ് തിയറ്റർ ഒന്നടങ്കം ഒപ്പം ചേർന്നു, ആസ്വാദകർ പാട്ടിൽ അലിഞ്ഞു. സംഗീത നാടക അക്കാഡമിയുടെ അവാർഡ് സമർപ്പണ ചടങ്ങാണ് ഈ അപൂർവ്വ സംഗീതവിരുന്നിന് വേദിയൊരുക്കിയത്. അവാർഡ് സമർപ്പണത്തിന് മുന്നോടിയായാണ് മിൻമിനിയും കോട്ടയം ആലീസും പാടിയത്. മിൻമിനി ലോകം മുഴുവൻ സുഖം പകരാൻ പാടിയപ്പോൾ, കോട്ടയം ആലീസ് സത്യം ശിവം സുന്ദരം, ശിവരഞ്ജിനി രാഗം എന്നീ പാട്ടുകൾ പാടി. പി.ജെ ബേണി ഗിറ്റാറും സ്റ്റീഫൻ ദേവസ്സി, പ്രകാശ് ഉള്ളിയേരി എന്നിവർ കീബോർഡും ഹാർമോണിയവും മഹേഷ് മണി തബലയും വായിച്ചു. ചേപ്പാട് എ.ഇ. വാമനൻ നമ്പൂതിരി സിന്ധുഭൈരവി രാഗത്തിൽ സ്വാതി തിരുന്നാൾ ഭജൻ പാടിയാണ് പരിപാടി അവസാനിച്ചത്.