ഓപ്പറേഷൻ സിന്ദൂർ വിജയം: പ്രധാനമന്ത്രി

Tuesday 22 July 2025 12:01 AM IST

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ 100 ശതമാനം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വർഷകാല സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ആഘോഷിക്കാനും മോദി ആഹ്വാനം ചെയ്‌തു.

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈനിക ശക്തിയുടെ കരുത്ത് ലോകം കണ്ടുവെന്നും വർഷകാല സമ്മേളനം 'വിജയോത്സവ'മാക്കണം -മോദി പറഞ്ഞു. ശുഭാംശു ശുക്ളയുടെ ബഹിരാകാശ യാത്ര എല്ലാ ഇന്ത്യക്കാർക്കും അഭിമാനമാണെന്നും ശാസ്ത്ര സാങ്കേതികവിദ്യ മേഖലകളിൽ ഉത്സാഹമുണർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്ന കാലത്തിലേക്ക് അധികദൂരമില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പാർലമെന്റിൽ ബഹളം

പഹൽഗാം ആക്രമണത്തിലെ സുരക്ഷാ വീഴ്‌ചയും ഓപ്പറേഷൻ സിന്ദൂറിൽ വെടിനിറുത്തലിന് യു.എസ് ഇടപെട്ടെന്ന ആക്ഷേപവും ഉയർത്തി പ്രതിപക്ഷം വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം പാർലമെന്റ് സ്‌തംഭിപ്പിച്ചു. പഹൽഗാം അക്രമത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്‌ച,ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ,വെടിനിറുത്തലിലെ യു.എസ് ഇടപെടൽ തുടങ്ങിയവയിൽ പ്രതിപക്ഷം ചർച്ചയും ആവശ്യപ്പെട്ടു. രാജ്യസഭയിൽ കോൺഗ്രസ് അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുന ഖാർഗെയും സഭാ നേതാവും മന്ത്രിയുമായ ജെ.പി. നദ്ദയും വിഷയത്തിൽ നേർക്കുനേർ വാക്ക് പോരു നടത്തി. ഒരു തവണ നിറുത്തിവച്ചെങ്കിലും പിന്നീട് സഭാ നടപടികൾ തുടർന്നു.

ലോക്‌സഭയിൽ 'പ്രധാനമന്ത്രി മറുപടി തരണം' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയത് സ്‌തംഭനത്തിന് ഇടയാക്കി. ചർച്ച അനുവദിക്കുമെന്ന സ്പീക്കർ ഓം ബിർള ഉറപ്പ് അവർ മുഖവിലയ്‌ക്കെടുത്തില്ല. മൂന്നു തവണ നിറുത്തിവച്ച സഭ ബഹളം കാരണം ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയിൽ വി.ശിവദാസൻ,പി.വി. അബ്‌ദുൾ വഹാബ്,ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ്, കെ.രാധാകൃഷ്‌ണൻ,ഷാഫി പറമ്പിൽ അടക്കം എം.പിമാർ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.