സ്കൂളിൽ ഷോക്കേറ്റ് മരണം: കുറ്റകരമായ നരഹത്യ ചുമത്താൻ ആലോചന

Wednesday 23 July 2025 1:01 PM IST

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി എം.മിഥുൻ സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുറ്റകരമായ നരഹത്യ ചുമത്തുന്നതിൽ നിയമോപദേശം തേടി അന്വേഷണ സംഘം ജില്ലാ ഗവ. പ്ളീഡർക്ക് കത്ത് നൽകി.അസ്വാഭാവിക മരണത്തിനാണ് ശാസ്താംകോട്ട പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

വൈദ്യുതി ബോർഡ് അസി.എൻജിനിയറെ വിളിച്ചുവരുത്തി മൊഴിയെടുത്തു. മൈനാഗപ്പള്ളി പഞ്ചായത്ത് അസി.എൻജിനിയർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. നേരിട്ടും അല്ലാതെയും ബന്ധമുള്ളവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയ ശേഷമേ പ്രതിപ്പട്ടിക തയ്യാറാക്കൂ. സ്കൂൾ മാനേജ്മെന്റ്, മുൻ മാനേജ്മെന്റ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്തിലെ അസി.എൻജിനിയർ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. . ശാസ്താംകോട്ട ഡിവൈ.എസ്.പി ജി.ബി.മുകേഷിന്റെ മേൽനോട്ടത്തിൽ ശാസ്താംകോട്ട സി.ഐ എ.അനീസിന്റെ നേതൃത്വത്തിൽ മൂന്ന് എസ്.ഐമാരും ഒരു വനിത ഉൾപ്പടെ രണ്ട് സി.പി.ഒമാരും ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം.