തൃശൂരിന്റെ സമരവീഥികളിൽ നിറഞ്ഞ, വി.എസിന് വിട
തൃശൂർ: ലാലൂർ സമരവും നഴ്സുമാരുടെ പണിമുടക്കും കൈനൂർ പന്നിവളർത്തൽ കേന്ദ്രത്തിനെതിരായ സമരവുമെല്ലാം തൃശൂരിൽ കൊടുമ്പിരി കൊള്ളുമ്പോൾ പ്രവർത്തകരിൽ ആവേശത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ പടർത്തിയ വി.എസിനെ തൃശൂരിന് മറക്കാനാവില്ല. കേരളത്തിലെ ഒരു മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായി ആദ്യ സമരമാരംഭിച്ച ലാലൂരിൽ പുകയുന്നത് 'മാലിന്യബോംബ്'ആണെന്ന് തിരിച്ചറിഞ്ഞ് വി.എസ് എത്തിയപ്പോൾ സമരത്തിന് കരുത്തേറി. 2009 ൽ മാലിന്യമല പൊട്ടിയൊലിച്ച് ജനങ്ങൾക്ക് രോഗം പടർന്നപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദൻ ഇടപെട്ടാണ് ലാംപ്സ് പദ്ധതിക്ക് രൂപം നൽകിയത്.
പുത്തൂർ പഞ്ചായത്തിലെ കൈനൂർ വില്ലേജിൽ അയ്യമ്പിള്ളി കുന്നിന് മുകളിൽ കെ.എൽ.ഡി ബോർഡ് സ്ഥാപിച്ചിരുന്ന സർക്കാർ വക പന്നി വളർത്തൽ കേന്ദ്രത്തിൽനിന്ന് മാലിന്യങ്ങൾ ഒഴുകി കൈനൂർ,കുരുടൻ ചിറ പ്രദേശത്ത്
ദുരിതം വിതച്ചപ്പോൾ വനിതാ സംഘങ്ങളുടെയും പൗരസമിതിയുടെയും നേതൃത്വത്തിൽ നടത്തിയ സമരത്തിന് പ്രതിപക്ഷ നേതാവ് എന്ന നിലയിലും പിന്നീട് മുഖ്യമന്ത്രി എന്ന നിലയിലും വി.എസ് ഇടപ്പെട്ടു.
അന്നത്തെ സമരസഹായ സമിതിയുടെ കൺവീനർ കൂടിയായിരുന്ന സർവോദയമണ്ഡലം ഭാരവാഹി എം. പീതാംബരൻ കൈനൂർ സമരത്തെ കുറിച്ച് എഴുതിയ പുസ്തകത്തിൽ ഈ പ്രശ്നത്തിൽ വി.എസ് അച്യുതാനന്ദൻ നടത്തിയ ശ്രമങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. നഴ്സുമാരുടെ പണിമുടക്ക് സമരം ഒളരിയിൽ നടക്കുമ്പോൾ വി.എസ് എത്തിയതോടെ ആ വിഷയം സംസ്ഥാനതലത്തിൽ വലിയ ചർച്ചയായി. േഅഴീക്കോടൻ രാഘവന്റെ കൊലപാതകത്തിൽ നിയമസഭ നിറുത്തിവെച്ച് ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് വി. എസ്. അച്യുതാനന്ദൻ നോട്ടീസ് നൽകിയതും അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരൻ നിയമസഭയിൽ മറുപടി നൽകിയതും തൃശൂരിന്റെ ഓർമ്മകളിലുണ്ട്.
ജില്ലയിൽവി.എസിന്റെ സംഭാവനകൾ നിസ്തുലം
തൃശൂർ: ജില്ലയിലെ പാർട്ടിയുടെ വളർച്ചയിൽ വി.എസ് അച്യുതാനന്ദന്റെ സംഭാവനകൾ നിസ്തുലമാണെന്ന് സി.പി.എം ജില്ലാ കമ്മിറ്റി. സംസ്ഥാന പാർട്ടി സെക്രട്ടറി എന്ന നിലയിൽ വി.എസ് ജില്ലയിലെ പാർട്ടിക്ക് നൽകിയ കരുത്ത് അവിസ്മരണീയമാണ്. 80 ൽ അദ്ദേഹം പാർട്ടി സെക്രട്ടറിയായതു മുതൽ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ടു. വിദ്യാർത്ഥികൾ, യുവജനങ്ങൾ, തൊഴിലാളികൾ, കൃഷിക്കാർ, മഹിളകൾ എന്നിവരുടെ പ്രക്ഷോഭങ്ങൾക്ക് കരുത്ത് പകർന്നു. 82 ൽ ഡി.വൈ.എഫ്.ഐയുടെ കളക്ടറേറ്റ് മാർച്ചിൽ പൊലീസ് ലാത്തിച്ചാർജും വെടിവെപ്പും നടത്തി. ഇ.കെ നായനാരും വി.എസും തൃശൂരിൽ എത്തി പ്രവർത്തകർക്ക് ആവേശം പകർന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ജില്ലയിലെ പ്രാദേശിക പ്രശ്നങ്ങളിലും ഇടപ്പെട്ടു. മുഖ്യമന്ത്രിയായിരിക്കെ ജില്ലയിലെ വികസന കുതിപ്പിന് നിരവധി പദ്ധതികൾ അനുവദിച്ചുവെന്നും ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ അനുസ്മരിച്ചു.
വി.എസിന്റെ ചിത്രങ്ങൾ നിറഞ്ഞ്ചായക്കട നെന്മണിക്കര: ചുമരുകളിൽ വി.എസിന്റെ ചിത്രങ്ങൾ നിറഞ്ഞ് നെന്മണിക്കരയിലെ മഹാദേവ ടീ ഷോപ്പ്. അസുഖത്തെ തുടർന്ന് വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കട ഉടമ സന്തോഷാണ് മലയാള പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്താചിത്രങ്ങൾ തന്റെ കടയുടെ ചുമരുകളിൽ പതിച്ചത്. വി.എസിനെ മറന്ന കമ്മ്യൂണിസ്റ്റുകാരുൾപ്പെടെയുള്ളവർ ചർച്ച ചെയ്യുകയാണ് ലക്ഷ്യമെന്ന് ഉടമ സന്തോഷ് പറയുന്നു. ചായ കുടിക്കാൻ എത്തുന്നവർ ആദ്യം വി.എസിനെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറയുന്നു. വി.എസിന്റെ കടുത്ത ആരാധകനായ സന്തോഷ് വി.എസിന്റെ തൊണ്ണൂറ്റി ഒമ്പതാം പിറന്നാളിനും നൂറാം പിറന്നാളിനും കടയിൽ വരുന്നവർക്ക് ലഡു വിതരണം ചെയ്തിതിരുന്നു. നൂറ്റി ഒന്നാം പിറന്നാളിന് പാലട പായസമാണ് നൽകിയത്. അടുത്ത ദിവസങ്ങിൽ വരുന്ന വി.എസിന്റെ വാർത്തകളും കടയിൽ ഇടം പിടിക്കും.
വി.എസ് എല്ലാ അർത്ഥത്തിലും അതികായൻ: ജെ.കെ. മേനോൻ
കൊച്ചി: പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തെ ശക്തിപ്പെടുത്തുകയും ശബ്ദമില്ലാത്തവർക്ക് താങ്ങായി നിലകൊള്ളുകയും ചെയ്ത നെടുംതൂണാണ് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെന്ന് നോർക്ക ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ. കേരള രാഷ്ടീയത്തിലെ സമുന്നത സാന്നിദ്ധ്യവും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലെ അതികായനുമായിരുന്നു വി.എസ് എന്ന് അദ്ദേഹം അനുസ്മരിച്ചു. സത്യത്തിന്റെ പാത എത്ര കഠിനമാണെങ്കിലും അതിലൂടെ മാത്രം മുന്നേറുകയെന്ന സന്ദേശമാണ് വി.എസ് പകർന്നത്. തന്റെ ജീവതത്തിലൂടെയും നേതൃത്വത്തിലൂടെയും രാഷ്ടീയവും ഭരണവും എങ്ങനെ മൂല്യവത്താക്കാമെന്ന് അച്യുതാനന്ദൻ പഠിപ്പിച്ചു. വിപ്ലവത്തിന്റെ ഈ യുഗാന്ത്യത്തിൽ, കുടുംബത്തിനും സഹപ്രവർത്തകർക്കും വി.എസിനെ ഹൃദയത്തോടു ചേർത്തു നിറുത്തിയ കേരള ജനതയ്ക്കുമൊപ്പം ദു:ഖത്തിൽ പങ്കുചേരുന്നതായും ജെ.കെ. മേനോൻ പറഞ്ഞു.
തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനും മാനവവിമോചന പോരാട്ടത്തിന്റെ പാതയിലുള്ള ഏവർക്കും കണ്ണും കരളുമായി പതിറ്റാണ്ടുകൾ നിലകൊണ്ട വിപ്ലവസൂര്യൻ അണഞ്ഞു. പുഴുക്കൾക്ക് തുല്യമായി ജീവിതം നയിക്കേണ്ടി വന്ന അദ്ധ്വാനവർഗ്ഗ ജനതയ്ക്ക് ആത്മാഭിമാനത്തിന്റെ ചെങ്കൊടി നെഞ്ചിലേറ്റാനും തുല്യതയുടെയും സമഭാവനയുടെയും ഇടങ്ങൾ സ്വായത്തമാക്കാനും നടന്ന പോരാട്ടചരിത്രത്തിലെ സുവർണ്ണ നാമധേയമായിരുന്നു വി.എസ്.കേരളത്തെ ചുവപ്പിച്ച ചരിത്ര പോർമുഖങ്ങളിലെ ഉജ്ജ്വലനായകാ, അങ്ങയുടെ നാമം എന്നും ഈ മണ്ണിലും ഈ നെഞ്ചിലും അനശ്വരമായിരിക്കും.
റെഡ് സല്യൂട്ട്!
ഡോ.ആർ.ബിന്ദു, ഉന്നതവിദ്യാഭ്യാസ മന്ത്രി
വി.എസ് എന്ന രണ്ടക്ഷരത്തിലൂടെ വിപ്ലവ വെളിച്ചമായി മാറിയ വി.എസ്. അച്യുതാനന്ദൻ എക്കാലത്തും തൊഴിലാളികൾക്കും അധ:സ്ഥിത വിഭാഗങ്ങൾക്കും ഒപ്പമാണ് നിലകൊണ്ടത്. നിരവധി ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി ജനങ്ങളെ ആകർഷണവലയത്തിലാക്കിയ നേതാക്കൾ അപൂർവ്വമാണ്. വി.കെ. അശോകൻ എസ്.ആർ.പി. ജനറൽ സെക്രട്ടറി
വി.എസ് മന്ത്രി സഭയിൽ അംഗമാകാൻ സാധിച്ചത് അഭിമാനകരമായിരുന്നു. പ്രതിപക്ഷ നേതാവ് ആയപ്പോൾ സി.പി.ഐയുടെ നിയമസഭ കക്ഷി ഉപനേതാവ് എന്ന നിലയിലും പിന്നീട് മുഖ്യമന്ത്രിയായപ്പോൾ റവന്യു മന്ത്രിയായും പ്രവർത്തിക്കാൻ സാധിച്ചു. എല്ലാ മന്ത്രിമാർക്കും തങ്ങളുടെ വകുപ്പുകളിൽ നടപ്പാക്കേണ്ട കാര്യങ്ങളിൽ വ്യക്തമായ മാർഗനിർദേശം അദ്ദേഹത്തിൽ നിന്ന് ലഭിച്ചു. അദ്ദേഹത്തിന്റെ മന്ത്രി സഭ കാലത്താണ് തനിക്ക് കർഷക കടാശ്വാസ നിയമവും നെൽവയൽ സംരക്ഷണ നിയമവും സഭയിൽ അവതരിപ്പിക്കാനും നിയമമാക്കി മറ്റാനും സാധിച്ചത്. മുത്തങ്ങ സമരത്തിൽ അദ്ദേഹത്തോടൊപ്പം സമര രംഗത്ത് ഉണ്ടായപ്പോളുള്ള അനുഭവം ജീവിതത്തിലെ വലിയ പാഠമാണ് നൽകിയത്. വി.എസ് എന്നും തിളങ്ങുന്ന നക്ഷത്രമായി നിലനിൽക്കും.
( കെ. പി. രാജേന്ദ്രൻ, വി. എസ്. മന്ത്രി സഭയിലെ റവന്യു മന്ത്രി )
സി.പി.എമ്മിന് തലയെടുപ്പുള്ള നേതാവിനെയാണ് നഷ്ടമായത്. തന്റെ നിലപാടുകൾ കൊണ്ട് കേരള രാഷ്ട്രീയത്തിലെ അവഗണിക്കാൻ കഴിയാത്ത വ്യക്തിത്വമായി അദ്ദേഹം മാറി. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും വ്യക്തിപരമായി കാലുഷ്യം ലവശേലം പുലർത്താത്ത നേതാവായിരുന്നു വി.എസ്. നിയമസഭാ സ്പീക്കറായിരുന്നപ്പോൾ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് അദ്ദേഹവുമായി കൂടുതൽ ഇടപഴകാൻ സാധിച്ചു. സ്പീക്കറായിരുന്ന എന്റെ നിഷ്പക്ഷതയെക്കുറിച്ച് പല പ്രാവശ്യവും പല വേദികളിലും പറഞ്ഞിരുന്നു. അദ്ദേഹം എനിക്ക് നൽകിയ അംഗീകാരമായി ഞാനതിനെ കാണുന്നു.
മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ