അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണം നിഷ്‌പക്ഷമെന്ന് വ്യോമയാന മന്ത്രി
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറൊ (എ.എ.ഐ.ബി) നടത്തുന്ന അന്വേഷണം പൂർണമായും നിഷ്‌പക്ഷമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു രാജ്യസഭയെ അറിയിച്ചു. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ച് സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. സത്യം കണ്ടെത്താനാണ് ശ്രമം. കോക്ക്പിറ്റ് വോയ്‌സ് റെക്കാഡറിലും,ഫ്ലൈറ്റ് ഡാറ്റ റെക്കാഡറിലും കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടാണ് പുറത്തുവിട്ടത്. അപകടത്തിനു പിന്നിലെ യഥാർത്ഥ കാരണം അന്തിമറിപ്പോർട്ടിലേ വ്യക്തമാകൂ. അതിനുശേഷം കൂടുതൽ ചർച്ചയാകാം. പരിഹാരനടപടികളും ആലോചിക്കാം. ചില വിദേശമാദ്ധ്യമങ്ങൾ അവരുടെ അഭിപ്രായവും കൂടി ചേർത്ത് വാർത്തകൾ നൽകുന്നുണ്ട്. രാജ്യത്തിന് ശക്തമായ വ്യോമയാന സുരക്ഷാ സംവിധാനമുണ്ടെന്നും വ്യക്തമാക്കി. ബി.ജെ.പി എം.പി അശോക് ചവാൻ അടക്കം വിവിധ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കേന്ദ്ര വ്യോമയാനമന്ത്രി.
ഒമ്പത് ഷോകോസ്
നോട്ടീസ് നൽകി
അന്വേഷണം പുരോഗമിക്കുകയാണെന്ന് സി.പി.എമ്മിലെ ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ വ്യോമയാന സഹമന്ത്രി മുരളീധർ മൊഹൊൽ ആവർത്തിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തെ കുറിച്ച് ആറുമാസത്തിനിടെ പ്രതികൂല റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്തിയ അഞ്ച് സംഭവങ്ങളിൽ എയർ ഇന്ത്യയ്‌ക്ക് ഒമ്പത് ഷോകോസ് നോട്ടീസുകൾ നൽകി. ഒരു സംഭവത്തിൽ നടപടിയുമെടുത്തു. വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ പ്രത്യേക സഹായം നൽകിയിട്ടില്ലെന്ന് കോൺഗ്രസിലെ ജെബി മേത്തറെ അറിയിച്ചു. 260 പേർ മരിച്ച സംഭവത്തിൽ കുടുംബങ്ങൾക്ക് ടാറ്റാ സൺസ് ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 114 കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം മാത്രമേ നൽകിയിട്ടുള്ളൂ. സി.ബി.ഐ അന്വേഷണത്തിനോ,ഡ്രീംലൈനറുകൾ പിൻവലിക്കാനോ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.