മുംബയ് ട്രെയിൻ സ്ഫോടനക്കേസ്: പ്രതികളെ വെറുതെ വിട്ടു

Tuesday 22 July 2025 12:33 AM IST

മുംബയ്: 2006 ജൂലായ് 11ന് മുംബയ് ലോക്കൽ ട്രെയിനുകളിലുണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിലെ 12 പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. അഞ്ചു പേർക്ക് വധശിക്ഷയും ഏഴു പേർക്ക് ജീവപര്യന്തവും നൽകിയ മഹാരാഷ്ട്ര വിചാരണക്കോടതിയുടെ വിധിയാണ് റദ്ദാക്കിയത്. ആറു മലയാളികൾ ഉൾപ്പെടെ 183 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിൽ എണ്ണൂറിലധികം പേർക്ക് പരിക്കേറ്റു.

പ്രതിയാക്കപ്പെട്ടവർക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ജസ്റ്റിസുമാരായ അനിൽ കിലോർ,ശ്യാം ചന്ദക് എന്നിവരുടെ ബെഞ്ച് വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ട് പറഞ്ഞു. 'ഇവർ കുറ്റം ചെയ്തെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതുകൊണ്ട് ശിക്ഷാവിധി റദ്ദാക്കുന്നു. ഇവർക്കെതിരെ മറ്റു കേസുകൾ ഇല്ലെങ്കിൽ ജയിൽമോചിതരാക്കണം. പ്രോസിക്യൂഷന് തെളിയിക്കാനാകാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് വിട്ടയയ്ക്കുന്നത്. അന്വേഷണത്തിൽ കണ്ടെത്തിയ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഭൂപടങ്ങളും ലോക്കൽ ട്രെയിനിലെ സ്ഫോടനവുമായി ബന്ധമില്ലാത്തതാണ്. സ്ഫോടനത്തിൽ ഉപയോഗിച്ച ബോംബുകൾ ഏതെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴി‍ഞ്ഞില്ല'-കോടതി പറഞ്ഞു. തിരിച്ചറിയൽ പരേഡ് സംബന്ധിച്ച് പ്രതിഭാഗം ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തിയതായി ഹൈക്കോടതി പറഞ്ഞു. പല ദൃക്സാക്ഷികളും മൗനം പാലിച്ചതും പൊടുന്നനെ പ്രതികളെ തിരിച്ചറിഞ്ഞതും അസാധാരണമാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റസമ്മതമൊഴികൾ അപൂർണവും അസത്യവുമാണെന്നും പലതും പകർപ്പാണെന്ന് തോന്നിപ്പിക്കുന്നതുമാണെന്ന് ഹൈക്കോടതി പറഞ്ഞു. കുറ്റസമ്മതത്തിനായി പീഡനം നേരിടേണ്ടി വന്നതായി പ്രതികൾ വ്യക്തമാക്കിയതായും കോടതി കൂട്ടിച്ചേർത്തു.

11 മിനിറ്റിനുള്ളിൽ ഏഴു ബോംബുകളാണ് മുംബയിലെ വിവിധ ലോക്കൽ ട്രെയിനുകളിലായി പൊട്ടിത്തെറിച്ചത്. പ്രഷർ കുക്കറുകളിലാണ് ബോംബുകൾ വച്ചിരുന്നത്. ആദ്യത്തേത് 6.24നും അവസാനത്തേത് 6.35നുമാണ് പൊട്ടിത്തെറിച്ചത്. ലോക്കൽ ട്രെയിനുകളിലെ ഏറ്റവും തിരക്കേറിയ സമയമായിരുന്നു അത്. ചർച്ച്ഗേറ്റിൽനിന്നുള്ള ട്രെയിനുകളിലെ ഫസ്റ്റ്-ക്ലാസ് കംപാർട്മെന്റുകളിലായിരുന്നു സ്ഫോടകവസ്തുക്കൾ വച്ചത്. മാട്ടുംഗ റോഡ്,മാഹിം ജംഗ്ഷൻ,ബാന്ദ്ര,ഖാർ റോഡ്,ജോഗേശ്വരി, ഭയാൻഡർ, ബോറിവാലി എന്നീ സ്റ്റേഷനുകൾക്കു സമീപമായാണ് സ്ഫോടനങ്ങളുണ്ടായത്. അതേസമയം, സ്ഫോടനത്തിന് 19 വർഷങ്ങൾക്കുശേഷമാണ് ഹൈക്കോടതി വിധിയുണ്ടാകുന്നത്. 2015 സെപ്തംബർ 30ന് മഹാരാഷ്ട്ര കൺട്രോൾ ഒഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന്റെ പ്രത്യേക കോടതിയാണ് ഫൈസൽ ഷെയ്ഖ്,ആസിഫ് ഖാൻ,കമാൽ അൻസാരി,കുത്തബുദ്ദീൻ സിദ്ദിഖി,നവീദ് ഖാൻ എന്നിവർക്ക് വധശിക്ഷ വിധിച്ചിരുന്നത്. ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അൻസാരി,മുഹമ്മദ് അലി,ഡോ. തൻവീർ അൻസാരി,മജീദ് ഷാഫി,മുസമ്മിൽ ഷെയ്ഖ്,സൊഹൈൽ ഷെയ്ഖ്,സമീർ ഷെയ്ഖ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിക്കുകയായിരുന്നു.