മുംബയിൽ ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനം തെന്നി മാറി, കൊച്ചിയിൽ നിന്ന് പറന്ന വിമാനം മൂന്ന് ടയറുകൾ തകർന്നു

Tuesday 22 July 2025 1:11 AM IST

മുംബയ്: കൊച്ചിയിൽ നിന്ന് ഇന്നലെ രാവിലെ മുംബയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഛത്രപജി ശിവജി മഹാരാജ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറി. എ.ഐ 2744 എ 320 വിമാനമാണ് കനത്ത മഴയെ തുടർന്ന് ഇന്നലെ രാവിലെ 9.27ഓടെ ലാൻ‍ഡിംഗിനിടെ തെന്നിമാറിയത്. ലാൻഡ് ചെയ്യുന്നതിനിടെ മൂന്നു ടയറുകൾ തകർന്നതായും വിമാനത്തിന്റെ ഒരു എ‍ൻജിനു കേടുപാട് സംഭവിച്ചുമെന്നാണ് വിവരം.

അതേസമയം,യാത്രക്കാർ സുരക്ഷിതരാണെന്നും എല്ലാവരെയും ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. വിമാനം വിശദമായ പരിശോധനയ്ക്ക് അയക്കുമെന്നും കമ്പനി അറിയിച്ചു. ഇതിനിടെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന റൺവേയായ 09/27-ന് ചെറിയ നാശം സംഭവിച്ചിട്ടുണ്ടെന്നും അതിനാൽ രണ്ടാമത്തെ പാതയായ 14/32 സജീവമാക്കി പ്രവർത്തനം പുനരാരംഭിച്ചെന്നും വിമാനത്താവള അതോറിട്ടി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രി മുംബൈയിൽ കനത്ത മഴ പെയ്തിരുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. അതേസമയം, പൈലറ്റിന്റെ നിശ്ചയദാർഢ്യത്തിലാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായത്. 250പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വ്യോമയാന സുരക്ഷ ശക്തമാക്കുന്നതിനിടെയാണ് മുംബയിൽ ലാൻഡിംഗിനിടെ വീണ്ടും അപകടമുണ്ടായത്.