റഷ്യൻ യുവതി നേപ്പാൾ അതിർത്തി വഴി രാജ്യം വിട്ടു

Tuesday 22 July 2025 1:20 AM IST

ന്യൂഡൽഹി: സുപ്രീംകോടതി നിർദ്ദേശപ്രകാരം പൊലീസ് രാജ്യവ്യാപക പരിശോധന നടത്തുന്നതിനിടെ,​റഷ്യൻ യുവതി മകനൊപ്പം നേപ്പാൾ അതിർത്തി വഴി രാജ്യം വിട്ടു. കേന്ദ്രസർക്കാർ ഇന്നലെ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. മകനെയും കൊണ്ട് റഷ്യൻ ഭാര്യ വിക്ടോറിയ ബസു കടന്നുകളഞ്ഞെന്ന ഇന്ത്യക്കാരനായ ഭർത്താവ് സൈകത് ബസുവിന്റെ ഹർജിയിലാണ് കോടതി തിരച്ചിലിന് ഉത്തരവിട്ടിരുന്നത്. നേപ്പാളിൽ നിന്ന് വിമാനമാർഗം യു.എ.ഇ വഴി റഷ്യയിൽ എത്തിയെന്നാണ് മനസിലാക്കുന്നതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി അറിയിച്ചു. അംഗീകരിക്കാനാകാത്ത കാര്യങ്ങളാണിതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്,ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു. റഷ്യൻ എംബസിയിലെ ഒരു ഉദ്യോഗസ്ഥനുമായി ഭാര്യയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്ന് ഭർത്താവ് ആരോപിച്ചിരുന്നു. ജൂലായ് 4ന് ഡൽഹിയിലെ റഷ്യൻ എംബസി ഓഫീസിന്റെ പിൻവാതിലിൽ കൂടി യുവതിയും കുട്ടിയും കയറിപോയെന്നും ഭർത്താവ് ചൂണ്ടിക്കാട്ടിയിരുന്നു.