രാഷ്ട്രീയപോരാട്ടം പുറത്തുമതി: സുപ്രീംകോടതി
ന്യൂഡൽഹി: കോടതിയെ രാഷ്ട്രീയപോരാട്ടത്തിന്റെ വേദിയാക്കാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിച്ചപ്പോൾ, മറ്റെവിടെയെങ്കിലും പോയി പോരാടൂയെന്ന് ഹർജിക്കാരായ ആത്മദീപ് പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിനോട് പറഞ്ഞു. കോഴ ആരോപണമുയർന്ന 24000ൽപ്പരം അദ്ധ്യാപക - അദ്ധ്യാപകേതര നിയമനങ്ങൾ റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവച്ചിരുന്നു. ഈനടപടിക്കെതിരെ മമത കോടതിയലക്ഷ്യ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം.
കർണാടക സർക്കാരിന്
25 ലക്ഷം പിഴ
കർഷകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി എം.പിയായ തേജസ്വി സൂര്യയ്‌ക്കെതിരെ രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആർ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച ഹർജി 25 ലക്ഷം പിഴയിട്ട് സുപ്രീംകോടതി ഇന്നലെ തള്ളി. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും കൂട്ടിച്ചേർത്തു. ഭൂമി വഖഫ് ബോർഡ് ഏറ്റെടുത്തതിൽ മനംനൊന്താണ് കർഷകൻ ആത്മഹത്യ ചെയ്‌തതെന്ന വാർത്തകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ബി.ജെ.പി എം.പി പങ്കുവയ്‌ക്കുകയായിരുന്നു.