വി​.എസി​ന് വി​ട , കണ്ണീർമഴയായി ജനസാഗരം

Tuesday 22 July 2025 2:33 AM IST

തിരുവനന്തപുരം: സ്നേഹത്തിന്റെയും കരുതലിന്റെയും രാഷ്ട്രീയസൂര്യനായി വിളങ്ങിയ വി.എസ്. അച്യുതാനന്ദൻ ജനസാഗരത്തിൽ അലിഞ്ഞുചേർന്നു. ഇന്നലെ വൈകിട്ട് 3.20നാണ് അദ്ദേഹം വിടപറഞ്ഞത്. 102 വയസായിരുന്നു. ഏറെ നാളായി വിശ്രമത്തിലായിരുന്ന വി.എസിനെ ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23നാണ് പട്ടം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇടയ്ക്കിടെ ആരോഗ്യനില വഷളായും ചില നേരങ്ങളിൽ പ്രതീക്ഷ നൽകുംവിധം പുരോഗതി കാട്ടിയും പോയ ദിനങ്ങൾ. ധീരനായ വി.എസ് ഈ കടമ്പയും കടക്കുമെന്ന് കേരളജനത പ്രത്യാശിച്ചു. ജീവൻ പിടിച്ചുനിറുത്താൻ വിദഗ്ദ്ധരായ ഡോക്ടർമാർ പരമാവധി ശ്രമിച്ചു.

ഇന്നലെ ഉച്ചയ്ക്കുശേഷമാണ് അദ്ദേഹത്തിന്റെ നില കൂടുതൽ വഷളായത്. വിവരമറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തി. കേട്ടവർ കേട്ടവർ അവിടേക്കൊഴുകി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതോടെ വൈദ്യലോകം ആ ദുഃഖവാ‌ർത്ത അറിയിച്ചു. കാലവും ചരിത്രവും ബാക്കിയാക്കി വി.എസ് വിടവാങ്ങി.

മകൻ അരുൺകുമാറിന്റെ ബാർട്ടൺഹില്ലിലെ വസതിയിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ 9ന് ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയോടെ വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സമരസഖാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിൽ നാളെ സംസ്കാരം.

മരണവാർത്ത അറിഞ്ഞതോടെ എസ്.യു.ടി ആശുപത്രി പരിസരത്തേക്ക് പ്രായഭേദമന്യേയാണ് ജനങ്ങൾ ഓടിയെത്തിയത്. ഏഴുമണിയോടെ ഭൗതിക ശരീരം എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും എ.കെ.ജി സെന്ററും പരിസരവും ജനസമുദ്രമായി. പ്രിയനേതാവിന് അന്ത്യോപചാരമർപ്പിക്കാൻ ജനങ്ങൾ തിക്കിത്തിരക്കി.കൈയിൽ പൂക്കളുമായി കാത്തു നിൽക്കുന്നവരുടെ കണ്ണിൽ ആരാധനയുടെയും ആദരവിന്റെയും സ്നേഹനനവ് നിറ‌ഞ്ഞിരുന്നു.