കോൺ. യോഗത്തിൽ പങ്കെടുത്ത് ശശി തരൂർ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ അനുകൂല പ്രസ്‌താവനകളിലൂടെ വിവാദത്തിലായ ശശി തരൂർ എം.പി കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലടക്കം പങ്കെടുത്തു. ഇന്നലെ രാവിലെ പാർലമെന്റ് സമ്മേളനം തുടങ്ങും മുൻപ് പഴയ പാർലമെന്റ് മന്ദിരത്തിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഒാഫീസിൽ നടന്ന യോഗത്തിലാണ് മറ്റ് എം.പിമാർക്കൊപ്പം തരൂരും പങ്കെടുത്തത്. അവിടെ നടന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ പിറന്നാൾ ആഘോഷത്തിലും അദ്ദേഹമുണ്ടായിരുന്നു.
അതേസമയം, സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിൽ തരൂരിനെ പങ്കെടുപ്പിക്കരുതെന്ന് യോഗത്തിന് മുമ്പ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടിരുന്നു. തരൂരിനെ ഇരുത്തി പാർലമെന്ററി പാർട്ടി യോഗത്തിൽ എങ്ങനെ രഹസ്യങ്ങൾ ചർച്ച ചെയ്യുമെന്നും ചോദിച്ചിരുന്നു. രഹസ്യങ്ങൾ തരൂർ അപ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചോർത്തും. പാർട്ടിയിൽ നിന്ന് പുറത്താക്കി രക്തസാക്ഷി പരിവേഷത്തോടെ ബി.ജെ.പിയിലേക്ക് പോകാനാണ് തരൂർ ശ്രമിക്കുന്നതെന്നും ഉണ്ണിത്താൻ ആരോപിച്ചിരുന്നു.
തരൂരിനെതിരെ പ്രേമചന്ദ്രൻ
പാർട്ടി താത്പര്യത്തെക്കാൾ വലുതാണ് രാജ്യതാത്‌പര്യമെന്ന തരൂരിന്റെ പ്രസ്‌താവന കോൺഗ്രസിനെ അപമാനിക്കുന്നതാണെന്ന് ആർ.എസ്.പി എം.പി എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. രാജ്യതാത്‌പര്യത്തിനാണ് മുൻഗണനയെന്ന് തരൂർ പറയുമ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയായ കോൺഗ്രസിന് അതില്ലെന്നാണോ അർത്ഥമാക്കുന്നതെന്നും ചോദിച്ചു.