കാശ്മീർ വിഷയം യു.എന്നിൽ ഉന്നയിക്കാൻ പാകിസ്ഥാൻ; എതിർപ്പുമായി ഇന്ത്യ
ന്യൂഡൽഹി: ജമ്മു കാശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കാൻ പാകിസ്ഥാൻ. ഈ മാസം യു.എൻ രക്ഷാസമിതി അദ്ധ്യക്ഷസ്ഥാനം പാകിസ്ഥാനാണ്. പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദറിന്റെ അദ്ധ്യക്ഷതയിൽ ഈയാഴ്ച ചേരുന്ന അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള തുറന്ന സംവാദത്തിനിടെ ജമ്മു കാശ്മീർ വിഷയം ഉന്നയിക്കാനാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്.
അത്തരം നീക്കമുണ്ടായാൽ ജമ്മു കാശ്മീർ ആഭ്യന്തര വിഷയമാണെന്നും മൂന്നാം കക്ഷി മദ്ധ്യസ്ഥത ആവശ്യമില്ലെന്ന നിലപാടും ഇന്ത്യ ആവർത്തിക്കും. ഈ മാസം അവസാനം പാകിസ്ഥാൻ യു.എൻ രക്ഷാസമിതി അദ്ധ്യക്ഷസ്ഥാനം പാനമയ്ക്ക് കൈമാറും. 2026 ഡിസംബർ 31ന് 2 വർഷ കാലാവധി അവസാനിക്കുന്നതുവരെ സ്ഥിരമല്ലാത്ത അംഗമായി പാകിസ്ഥാൻ രക്ഷാസമിതിയിൽ തുടരും. 2028-29ൽ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത അംഗമായി തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.
ഒ.ഐ.സി സഹകരണത്തിലും
ആശങ്ക
ഓർഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും (ഒ.ഐ.സി) യു.എന്നും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് പാകിസ്ഥാൻ സമ്മർദ്ദം ചെലുത്തുമെന്ന് സൂചനയുണ്ട്. ജമ്മു കാശ്‌മീരിൽ 370-ാം വകുപ്പ് റദ്ദാക്കിയതിനെ എതിർക്കുന്ന കൂട്ടായ്‌മയാണിത്.