ബംഗ്ലാദേശിൽ വ്യോമസേനാ വിമാനം സ്‌കൂളിൽ തകർന്നുവീണു: 20 മരണം

Tuesday 22 July 2025 7:21 AM IST

ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം ധാക്കയിലെ സ്കൂൾ കെട്ടിടത്തിന് മുകളിൽ തകർന്നു വീണ് 20 പേർ മരിച്ചു. 171 പേർക്ക് പരിക്കേറ്റു. 16 കുട്ടികളും 3 അദ്ധ്യാപകരും വിമാനത്തിന്റെ പൈലറ്റുമാണ് മരിച്ചത്. പരിക്കേറ്റവരിൽ കൂടുതലും കുട്ടികളാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

ധാക്കയുടെ വടക്കൻ മേഖലയായ ഉത്താരയിൽ ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.48ന് മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് ക്യാമ്പസിലായിരുന്നു ദുരന്തം. 12.36ന് പറന്നുയർന്ന ചൈനീസ് നിർമ്മിത എഫ്-7 ബി.ജി.ഐ വിമാനം (ചെങ്ങ്ഡു ജെ-7 യുദ്ധവിമാനത്തിന്റെ നൂതന പതിപ്പ്) 4 മുതൽ 18 വയസ് വരെയുള്ള 2000ത്തോളം കുട്ടികൾ (എലിമെന്ററി ക്ലാസ് മുതൽ 12 -ാം ക്ലാസ് വരെ) പഠിക്കുന്ന സ്കൂളിലെ പുൽമൈതാനത്തിന് സമീപം തകർന്നുവീണതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.

വിമാനത്തിന്റെ ഒരു ഭാഗം രണ്ടുനിലയുള്ള സ്കൂൾ കെട്ടിടത്തിലേക്കാണ് പതിച്ചത്. നിരവധി കുട്ടികളും അദ്ധ്യാപകരുമാണ് ഈ സമയം കെട്ടിടത്തിൽ ഉണ്ടായിരുന്നത്. ശക്തമായ തീപിടിത്തത്തെ തുടർന്നുണ്ടായ പുക മേഖലയിലാകെ വ്യാപിച്ചു. വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ ബംഗ്ലാദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനൽകി. അപകടത്തിൽ ഉൾപ്പെട്ട എല്ലാവർക്കും സഹായം ഉറപ്പാക്കുമെന്ന് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിൽ ഇന്ന് ദുഃഖാചരണം നടത്തും.