ഗാസ യുദ്ധം അവസാനിപ്പിക്കണമെന്ന് യു.കെ അടക്കം 25 രാജ്യങ്ങൾ
Tuesday 22 July 2025 7:21 AM IST
ടെൽ അവീവ്: ഗാസയിൽ സഹായ വിതരണകേന്ദ്രങ്ങളിൽ ഭക്ഷണം അടക്കം വാങ്ങാൻ എത്തുന്ന നൂറുകണക്കിന് പാലസ്തീനികൾ ദിനംപ്രതി കൊല്ലപ്പെടുന്നതിൽ അപലപിച്ച് യു.കെ, കാനഡ, ഫ്രാൻസ്, ജപ്പാൻ, സ്‌പെയിൻ എന്നിവ അടക്കം 25 രാജ്യങ്ങൾ. ഗാസയിലെ സാധാരണക്കാരുടെ കഷ്ടപ്പാടുകൾ പുതിയ ആഴങ്ങളിലേക്ക് എത്തിയെന്ന് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടിയ ഈ രാജ്യങ്ങൾ, ഗാസയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാനും ഹമാസിന്റെ പിടിയിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനും ആഹ്വാനം ചെയ്തു.
അതേ സമയം, ഇന്നലെ മദ്ധ്യ ഗാസയിലെ ദെയ്ർ അൽ ബലാഹിലേക്ക് ഇസ്രയേൽ ടാങ്കുകൾ കടന്നുകയറി ആക്രമണം തുടങ്ങി. ആദ്യമായാണ് ദെയ്ർ അൽ ബലാഹിലേക്ക് ഇസ്രയേൽ കരയാക്രമണം നടത്തുന്നത്. മേഖലയിൽ വ്യോമാക്രമണങ്ങൾ ശക്തമായിരുന്നു. ഇന്നലെ 56 പേരാണ് ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ആകെ മരണം 58,890 കടന്നു.