രാജിയെക്കുറിച്ച് സൂചനപോലും കാട്ടിയില്ല, വൈകിട്ടുവരെ എല്ലാം സ്വാഭാവികം; ധൻകറിന്റെ അപ്രതീക്ഷിത തീരുമാനത്തിന് പിന്നിൽ?

Tuesday 22 July 2025 10:20 AM IST

ന്യൂഡൽഹി: അനാരോഗ്യം ചൂണ്ടാക്കിട്ടിയുള്ള ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി രാഷ്‌ട്രീയ നേതാക്കൾക്കിടയിലും പ്രതിപക്ഷ നിരയിലും വലിയ രീതിയിലുള്ള അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. രാജി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം മുമ്പ് മുതിർന്ന നേതാക്കളുമായി സംസാരിച്ചെങ്കിലും ആരോഗ്യപരമായ ആശങ്കകളെക്കുറിച്ചോ സ്ഥാനമൊഴിയാനുള്ള തീരുമാനത്തെക്കുറിച്ചോ ഒരു സൂചന പോലും അദ്ദേഹം നൽകിയില്ല.

രാജി വാർത്തകൾ പുറത്തുവരുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ധൻകറുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വെളിപ്പെടുത്തി. രാജ്യസഭയിൽ നിരന്തരം തർക്കത്തിലേർപ്പെട്ടിരുന്നവരാണ് ഇരുവരും. ധൻകർ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഉണ്ടെന്നും വരും ദിവസങ്ങളിൽ ചർച്ചകൾ തുടരാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ജയറാം രമേശ്, പ്രമോദ് തിവാരി, അഖിലേഷ് പ്രസാദ് സിംഗ് എന്നിവർക്കൊപ്പമാണ് ധൻകറുമായി കൂടിക്കാഴ്‌ച നടത്തിയത്. ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കാനിരുന്ന ബിസിനസ് ഉപദേശക സമിതി യോഗത്തെക്കുറിച്ചാണ് ധൻകർ സംസാരിച്ചത്. എല്ലാം സാധാരണ രീതിയിലായിരുന്നു. ധൻകർ ആരോഗ്യവാനാണെന്നും രാജി വയ്‌ക്കുന്നതിന്റെ യാതൊരു സൂചനയും ചർച്ചയുടെ സമയത്ത് പ്രകടിപ്പിച്ചിരുന്നില്ലെന്നുമാണ് അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞത്. പുതിയ കമ്മിറ്റിയിൽ ധൻകറിനെ ഉൾപ്പെടുത്തിയതിനെക്കുറിച്ചുള്ള ചർച്ച പോലും നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

എല്ലാം സാധാരണയായി തോന്നിയെങ്കിലും തിരശീലയ്‌ക്ക് പിന്നിൽ കാര്യമായ സംഭവവികാസങ്ങൾ നടന്നിരുന്നു എന്നാണ് അറിയുന്നത്. ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്ന് നിർദേശിച്ച് 63 പ്രതിപക്ഷ എംപിമാരിൽ നിന്ന് ലഭിച്ച നോട്ടീസിനെക്കുറിച്ച് ധൻകർ നേരത്തേ സഭയെ അഭിസംബോധന ചെയ്‌തിരുന്നു. വിവിധ പാർട്ടികളിൽ നിന്നുള്ള നൂറിലധികം എംപിമാരുടെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയമായിരുന്നു ഇന്നലത്തെ സുപ്രധാന വിഷയം. തുടർനടപടികൾക്കായി ഒരു സംയുക്ത സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു. എന്നാൽ, തന്റെ ആരോഗ്യത്തെക്കുറിച്ചോ സ്ഥാനമൊഴിയാനുള്ള ഉദ്ദേശ്യത്തെക്കുറിച്ചോ അദ്ദേഹം ഒന്നും പറഞ്ഞില്ല.

അതിനാൽത്തന്നെ പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യം ഉയരുകയാണ്. ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയ നോട്ടീസ് രാജ്യസഭയിൽ സ്വീകരിച്ചതിന്റെ പേരിൽ കേന്ദ്രസർക്കാരുമായുണ്ടായ തർക്കമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. മാത്രമല്ല, ഗുസ്‌തിക്കാരുടെയും കർഷകരുടെയും സമരങ്ങളിൽ സർക്കാരിനെതിരെയുള്ള വിമർശനത്തിലും ധൻകർ ഭരണനേതൃത്വത്തിന്റെ അപ്രീതി നേടിയിരുന്നു. ധൻകറിന്റെ രാജി സർക്കാരിനെ സമ്മർദത്തിലാക്കാനാണോ എന്ന സംശയവും ഉയരുന്നുണ്ട്.