പ്രവാസികൾക്ക് മടങ്ങേണ്ടിവരും, സന്ദർശകരെയും വിലക്കും; കർശന തീരുമാനങ്ങളുമായി ഈ രാജ്യം
ഏത് രാജ്യത്ത് പോയാലും ഒരു മലയാളിയെ എങ്കിലും കാണാം എന്നത് നമ്മൾ പണ്ടുമുതലേ കേട്ടുവരുന്ന കാര്യമാണ്. സത്യത്തിൽ ഇത് യാഥാർത്ഥ്യമാണ്. മലയാളികളിൽ നല്ലൊരു ശതമാനവും വിദേശത്ത് പോയി കുടുംബസമേതം ജീവിക്കുന്നവരാണ്. ഇവിടെ ജോലി ചെയ്യുന്നവരാണെങ്കിൽക്കൂടി പല വിദേശരാജ്യങ്ങളിലും യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടുന്നവരുമാണ്.
എന്നാൽ, ഇപ്പോഴിതാ മലയാളികൾക്ക് പ്രിയപ്പെട്ടൊരു രാജ്യം അവരുടെ നയങ്ങളിൽ മാറ്റം വരുത്താൻ പോവുകയാണെന്നാണ് വിവരം. വിദേശികൾ താമസിക്കുന്നതും സ്വത്ത് വാങ്ങുന്നതിലുമെല്ലാം ഈ രാജ്യക്കാർ അസന്തുഷ്‌ടരാണ്. മറ്റാരുമല്ല, മലയാളികളായ നിരവധിപേർ താമസിക്കുന്ന ജപ്പാനാണ് ആ രാജ്യം.
ജപ്പാൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പല വിഷയത്തിലുമുള്ള ആശങ്കകൾ ഉയർന്നിരുന്നു. കുറ്റകൃത്യങ്ങൾ, പൊതുസേവനങ്ങളുടെ ദുരുപയോഗം, ഭൂമിയുടെ അവകാശം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വിദേശ പൗരന്മാരെ കൈകാര്യം ചെയ്യുന്നതിനായി ഒരു പുതിയ ടാസ്‌ക് ഫോഴ്‌സും പ്രഖ്യാപിച്ചു. ഇതോടെ വിനോദ സഞ്ചാരികളും താമസക്കാരും ഉൾപ്പെടുന്ന വിദേശികൾ ഒരു രാഷ്‌ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. എന്തുകൊണ്ടാണ് വിദേശികളെ തടയുന്നത് എന്നറിയാം.
എന്താണ് ടാസ്‌ക് ഫോഴ്‌സ്?
കുടിയേറ്റം മുതൽ ജപ്പാനിൽ ഭൂമി വാങ്ങുന്നതുവരെ വിദേശികളെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഈ ടാസ്‌ക് ഫോഴ്‌സിന് കീഴിലാണ് വരുന്നത്. ചില വിദേശപൗരന്മാർ ചെയ്യുന്ന കുറ്റകൃത്യങ്ങളും മോശം പെരുമാറ്റങ്ങളും കാരണമാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ പറഞ്ഞു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം തറപ്പിച്ച് പറഞ്ഞു. മെഡിക്കൽ ബില്ലുകൾ അടയ്‌ക്കാതിരുന്നാൽ വിസ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും ഇഷിബ പറഞ്ഞു.
വെറുക്കാനുള്ള കാരണം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജപ്പാനിൽ വിദേശികളുടെ ജനസംഖ്യ വർദ്ധിച്ചുവരികയാണ്. ഒരു ദശാബ്ദത്തിനുള്ളിൽ 2.2 ദശലക്ഷത്തിൽ നിന്ന് 3.8 ദശലക്ഷമായി ഉയർന്നു. 2025ന്റെ ആദ്യ പകുതിയിൽ 21.5 ദശലക്ഷം വിനോദസഞ്ചാരികളെ ജപ്പാൻ സ്വാഗതം ചെയ്തു. ക്യോട്ടോ, മൗണ്ട് ഫുജി, ടോക്കിയോയിലെ ഷിബുയ ജില്ല തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
സമ്പദ്‌വ്യവസ്ഥയെ ടൂറിസം ഉത്തേജിപ്പിച്ചിട്ടുണ്ടെങ്കിലും ജപ്പാനിലെ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ തടസങ്ങൾ സൃഷ്‌ടിച്ചു. ശബ്‌ദമലിനീകരണം, നിയമങ്ങൾ പാലിക്കാതിരിക്കുക, തിരക്ക് എന്നീ പ്രശ്‌നങ്ങൾക്ക് കാരണമായി. മാത്രമല്ല, വിദേശികൾ ജപ്പാനിൽ ഭൂമി വാങ്ങാൻ തുടങ്ങിയതോടെ എല്ലായിടത്തും വിലയും വർദ്ധിച്ചു.
വിനോദസഞ്ചാരികൾക്ക് എതിരാകാൻ കാരണം
2023ലെ കണക്ക് പ്രകാരം വെറും 5.3 ശതമാനം വിദേശികളാണ് കുറ്റകൃത്യങ്ങൾ ചെയ്‌തതിന്റെ പേരിൽ അറസ്റ്റിലായിട്ടുള്ളത്. ഇത് വളരെ ചെറിയ ശതമാനമാണ്. അതിനാൽ, കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതാണ് ഇതിന് കാരണമെന്ന് പറയാൻ സാധിക്കില്ല. ഇതിനെല്ലാം കാരണം ജപ്പാനിലെ രാഷ്‌ട്രീയ പാർട്ടികളാണ്. 'ജപ്പാനികൾ ആദ്യം' എന്നാണ് സാൻസീറ്റോ പോലുള്ള പാർട്ടികൾ തിരഞ്ഞെടുപ്പിന് മുന്നിൽ വയ്‌ക്കുന്ന സന്ദേശം.
ജപ്പാന് വിദേശികളെ ആവശ്യമുണ്ടോ?
2024ൽ ജപ്പാന്റെ ജനനനിരക്ക് വെറും 1.15 ശതമാനമാണ്. മാത്രമല്ല, ലോകത്തിലെ ഏറ്റവും വേഗത്തിൽ പ്രായമാകുന്ന ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നും ജപ്പാനാണ്. അതിനാൽ, രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തണമെങ്കിൽ വിദേശികൾ ഇവിടെ താമസമാക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ 2.3 ദശലക്ഷത്തിലധികം വിദേശ തൊഴിലാളികൾ ജപ്പാനിൽ ജോലി ചെയ്യുന്നുണ്ട്. അവരിൽ പലരും ആരോഗ്യം, നിർമ്മാണം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം തുടങ്ങിയ മേഖലകളിലാണ് ജോലി ചെയ്യുന്നത്.
വിദേശികളോടുള്ള നയം കർശനമാക്കിയാൽ അത് ജപ്പാന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കും. രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ള തീരുമാനങ്ങൾ രാജ്യത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടംമറിക്കും.