ഫ്രിഡ്‌ജിലാണോ തേൻ സൂക്ഷിക്കുന്നത്? എന്നാൽ ഇക്കാര്യം ചെയ്യാൻ മറക്കരുത്
രുചികരവും പോഷകസമ്പുഷ്ടവുമായ ഒന്നാണ് തേൻ. ഇതിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഊർജത്തിന്റെ മികച്ച ഉറവിടമായ തേനിൽ ധാരാളം കാലറി അടങ്ങിയിരിക്കുന്നു. വളരെ ചെറിയ അളവിൽ പ്രോട്ടീൻ അടങ്ങിയ തേനിൽ കൊഴുപ്പ് ഒട്ടുമില്ല. വെെറ്റമിൻ സി, ബി എന്നിവ അടങ്ങിയിട്ടുണ്ട്. തേൻ വെറും വയറ്റിൽ കഴിക്കുന്നത് പ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തു. സ്‌മൂത്തികൾ, ചായകൾ, ജ്യൂസുകൾ എന്നിവയിൽ പഞ്ചസാരയ്ക്ക് പകരം തേൻ ചേർക്കുന്നത് വളരെ നല്ലതാണ്. ചർമത്തിൽ ജലാംശം നിലനിർത്താൻ തേൻ സഹായിക്കുന്നു. ഇതിലെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവും ചർമപ്രശ്നങ്ങളും അകറ്റും. ശരീരഭാരം കുറയ്ക്കാനും തേൻ വളരെ നല്ലതാണ്.
മറ്റ് പല ഭക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമായി തേൻ എത്ര നാൾ വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാം. തേനിന്റെ സ്വാഭാവിക ഗുണവും മണവും രുചിയും സംരക്ഷിക്കുന്നതിന് ഒരു വൃത്തിയുള്ള വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാൽ പലരും തേൻ ഫ്രിഡ്‌ജിലാണ് സൂക്ഷിക്കുന്നത്. ഇത് തെറ്റാണെന്നാണ് വിദഗ്ധർ പറയുന്നത്.
ഫ്രിഡ്ജിൽ തേൻ വയ്ക്കുമ്പോൾ അത് കട്ടിയാകുകയും ഇളം മഞ്ഞ നിറം വരുകയും ചെയ്യുന്നു. അതുപോലെ തണുത്ത തേൻ കുടിക്കുന്നത് അത്ര നല്ലതല്ല. ഫ്രിഡ്ജിൽ നിന്ന് തേൻ എടുത്ത് ചെറുതായി ചൂടാക്കിയശേഷം വേണം ഉപയോഗിക്കാൻ. അല്ലെങ്കിൽ ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.