ഡോക്ടർമാർ നിർദ്ദേശിച്ചത് പൂർണ വിശ്രമം; വിജയ് ദേവരക്കൊണ്ട ആശുപത്രി വിട്ടു
ഡെങ്കിപ്പനി സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന വിജയ് ദേവരകൊണ്ട ആശുപത്രി വിട്ടു. കഴിഞ്ഞ കുറച്ച് ദിസങ്ങളായി താരം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിലെത്തിയ വിജയ്ക്ക് ഡോക്ടർമാർ പൂർണവിശ്രമമാണ് നിർദ്ദേശിച്ചിട്ടുള്ളത്. താരത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
'അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയാണ്. ഡോക്ടമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. എത്രയും വേഗം ഏറ്റെടുത്ത ജോലികളിലേക്ക് തിരികെ വരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ചികിത്സയുമായി നന്നായി പ്രതികരിക്കുന്നുണ്ട്. ഒരു ചിത്രത്തിന് വേണ്ടിയുള്ള പ്രമോഷണൽ അഭിമുഖങ്ങൾ ഉടൻ ആരംഭിക്കും'- അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന കിംഗ്ഡം ആണ് ദേവരക്കൊണ്ടയുടെ പുറത്തിറങ്ങാനുള്ള ചിത്രം. മികച്ച വിജയം നേടിയ ജേഴ്സിക്കുശേഷം വിജയ് ദേവരകൊണ്ടയും ഗൗതം തന്നൂരിയും ഒരുമിക്കുന്ന കിംഗ്ഡം ബിഗ് ബഡ്ജറ്റിൽ ആക്ഷൻ ചിത്രമായാണ് ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ടയുടെ ഗംഭീര മേക്കോവർ ആണ് ചിത്രത്തിലേത്. തുടർച്ചായി ചിത്രങ്ങൾ പരാജയം നേരിടുന്ന സാഹചര്യത്തിൽ കിംഗ്ഡം വിജയ് ദേവരകൊണ്ടയ്ക്ക് വൻ പ്രതീക്ഷ നൽകുന്നു.
ഭാഗ്യശ്രീ ബ്രോസ്, രുക്മിണി വസന്ത് എന്നിവരാണ് നായികമാർ. അനിരുദ്ധാണ് സംഗീത സംവിധാനം. സിത്താര എന്റർടെയ്ൻമെന്റും ഫോർച്യൂൺ 4 സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ മേയ് 30ന് റിലീസ് ചെയ്യും.