കൃഷി സംരക്ഷണത്തിന് എല്ലോ ട്രാപ്പുകൾ
ആറ്റിങ്ങൽ: തോരാതെ പെയ്യുന്ന മഴകാരണം കാർഷിക വിളകളിൽ കീടങ്ങളുടെ ശല്യവും വർദ്ധിക്കുകയാണ്. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ നട്ടുവളർത്തിയ മിക്ക ചെടികളും കീടങ്ങൾ ആക്രമിച്ചുതുടങ്ങി. ഇതോടെ കീടനാശിനി പ്രയോഗം വരെ നടത്തിയാലോ എന്ന ചിന്തയിലാണ് കർഷകർ. എന്നാൽ കീടങ്ങളുടെ ആക്രമണത്തിന് പരിഹാരമാകുന്ന ഒന്നാണ് എല്ലോ ട്രാപ്പുകൾ. എന്നാൽ ചെടികൾക്ക് ദോഷമായിവരുന്ന കീടങ്ങളെ നശിപ്പിക്കാൻ ഒരിക്കൽ ചെയ്താൽ രണ്ടുവർഷം വരെ ഗുണം ലഭിക്കുന്ന ഒരു മാർഗ്ഗമാണ് എല്ലോ ട്രാപ്പുകൾ. ഇതിനകത്ത് വെള്ളീച്ച, വിവിധയിനം ശലഭങ്ങൾ, വണ്ടുകൾ,കായീച്ചകൾ, മറ്റു നീരുറ്റിക്കുടിക്കുന്ന പ്രാണികൾ തുടങ്ങി എല്ലാത്തിനെയും നശിപ്പിക്കാൻ കഴിയും.
എങ്ങനെ സ്ഥാപിക്കാം
കീടങ്ങളെ പെട്ടെന്ന് ആകർഷിക്കുന്ന നിറങ്ങളുള്ള ഷീറ്റുകൾ കൃഷിയിടത്തിന്റെ പലഭാഗത്ത് സ്ഥാപിക്കുക. ഈ ഷീറ്റിനു മുകളിൽ കീടങ്ങൾ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള പശകൾ / എണ്ണകൾ ഉണ്ടായിരിക്കും. ഇതിനകത്ത് നിറം ആകർഷിച്ചേക്കുന്ന കീടങ്ങൾ പറ്റിപ്പിടിക്കുകയും പിന്നീട് രക്ഷപ്പെടാൻ കഴിയാതെ ഇവ നശിക്കും.
പകരം തകര ഷീറ്റ്
അഞ്ച് മുതൽ 10 സെന്റ് വരെയുള്ളവർക്ക് ചെറിയ ഷീറ്റ് മതിയാകും. മഞ്ഞ, നീല, വെള്ള നിറങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിൽ പ്രധാനം മഞ്ഞയാണ്. ഇതേ നിറത്തിലുള്ള തകര ഷീറ്റുകൾ പെയിന്റടിച്ച് വാസ്‌ലിൻ,വൈറ്റ് ഗ്രീസ്,ആവണക്കെണ്ണ തുടങ്ങിയവ പുരട്ടി കൃഷിയിടത്തിൽ സ്ഥാപിക്കാറുമുണ്ട്.