സ്റ്റണ്ട് മാസ്റ്റർ മോഹൻരാജിന്റെ മരണം; മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ, ധനസഹായം നൽകി ചിമ്പു
സിനിമാ ചിത്രീകരണത്തിനിടെ മരിച്ച പ്രശസ്‌ത സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജിന്റെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് നടൻ സൂര്യ. നടൻ ചിമ്പു ധനസാഹയവും നൽകിയിട്ടുണ്ട്. സംഘട്ടന സംവിധായകൻ സ്റ്റണ്ട് സിൽവയാണ് താരങ്ങൾ നൽകിയ സഹായത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഈ മാസം പതിമൂന്നിന് പ്രമുഖ സംവിധായകൻ പാ.രഞ്ജിത്തിന്റെ 'വെട്ടുവം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മോഹൻരാജ് അപകടത്തിൽപ്പെട്ടത്. കാഞ്ചിപുരം സ്വദേശിയാണ് മോഹൻ രാജ്. പാ. രഞ്ജിത്തിന്റെ സിനിമാ നിർമാണ കമ്പനിയായ നീലം സ്റ്റുഡിയോസ് ആണ് വെട്ടുവം നിർമിക്കുന്നത്.
ജൂലായ് പത്ത് മുതൽ വേളാങ്കണ്ണിക്ക് സമീപം വിലുതമവാടിയിൽ സിനിമയുടെ ചിത്രീകരണം നടന്നുവരികയായിരുന്നു. ആക്ഷൻ രംഗത്തിനിടെ മോഹൻരാജ് കാറിൽ നിന്ന് വീണു. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നാഗപട്ടണം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആക്ഷൻ രംഗങ്ങളുടെയും മോഹൻ രാജ് ബോധരഹിതനായതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.