കായകൽപ് പുരസ്‌കാരം
കോട്ടയം:ഹോമിയോപ്പതി ജില്ലാ വിഭാഗത്തിൽ കാണക്കാരി ഗവ.ഹോമിയോ ആശുപത്രി ഒന്നാമത്. മന്ത്രി വീണാ ജോർജ്ജ് ആണ് കായകൽപ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജില്ലയിൽ ഹോമിയോപ്പതി വിഭാഗത്തിൽ കാണക്കാരി ഹോമിയോ ആശുപത്രി 93.33 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടി. കാണക്കാരി ഹോമിയോ ഡിസ്‌പെൻസറി നിലവിൽ എൻ.എ.ബി.എച്ച് എൻട്രി സർട്ടിഫിക്കേഷനും ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററും ഹോമിയോപ്പതി വകുപ്പിന്റെ മോഡൽ ഡിസ്‌പെൻസറിയുമാണ്. ശുചിത്വം, ഫലപ്രദമായ മാലിന്യ സംസ്‌കരണം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ആവിഷ്‌കരിച്ചതാണ് കായകൽപ് പുരസ്‌കാരം. ആശുപത്രി സ്റ്റാഫുകളുടെ കൂട്ടായ പ്രവർത്തനമാണ് ജില്ലയിൽ ഒന്നാം സ്ഥാനം നേടാൻ സഹായിച്ചതെന്ന് കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ, മെഡിക്കൽ ഓഫീസർ ഡോ.എസ്.അഭിരാജ് എന്നിവർ അറിയിച്ചു.